
കാഴ്ചകളുടെ പുലരിയില്‍ തന്റേതായ വഴികളിലൂടെ മാത്രം ക്യാമറചേര്‍ത്തുവച്ചു നീങ്ങുന്ന തുളസി.
കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ വ്യക്തിഹത്യയില്‍ ഭൂതകാലക്കുളിരിലെ തുളസിയാണ് കൊലചെയ്യപ്പെടുന്നത്.
“ആലുവ അങ്കമാലി ചാലക്കുടി തൃശൂര്‍ കോഴിക്കോട് വഴി പോകുന്ന കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്റിന്റെ വടക്കുവശത്തായി പാര്‍ക്ക് ചെയ്യുന്നു....”
രാത്രിയിലെ തിരക്കിലും ബഹളത്തിലും മുങ്ങിക്കിടക്കുന്ന എറണാകുളം കെ എസ് ആര്‍ ടീ സി ബസ്റ്റേഷനില്‍ കനംകൂടിയ തൂണുകള്‍ക്ക് താഴെ നില്‍ക്കുന്ന ഒരു കുഞ്ഞിപ്പയ്യന്‍. തുളസി. ഞാന്‍ അന്നാണ് ആദ്യമായിട്ടാണ് തുളസിയെ കാണുന്നത്. ഞാന്‍ ഞെട്ടി ഇവനായിരുന്നോ? കുറേ ചിത്രങ്ങളുടെ മറപറ്റി മനസില്‍ നെയ്തൊരുക്കിവച്ച ചിത്രം ഇതല്ലായിരുന്നു. തിരികെ പോരാന്‍ നേരം എനിക്ക് ഷഹബാസ് അമനും ഗായത്രിയും ഒക്കെ ചേര്‍ന്നു പാടിയ ഒരു ഗസല്‍ ആല്‍ബം തുളസി തന്നു.
“ഗസല്‍ തോരുമ്പോള്‍.. വിളക്കില്‍ എണ്ണതീരുമ്പോള്‍..”
മലയാളം ബ്ലോഗിലെ ഫോട്ടോ പോസ്റ്റുകളില്‍, ഇലയില്‍ നിറഞ്ഞുകിടക്കുന്ന പച്ചയിലും തെയ്യ മുഖങ്ങളിലെ ചുവപ്പിലും ആകാശത്തിന്റെ പതിവുനീലയിലും ജനത്തിന്റെ നിറമറിയാ നിറത്തിലുമൊക്കെ ശ്രദ്ധേയമായ രീതില്‍ കാഴ്ചയുടെ കണ്ണെഴുതികാണിച്ചത് തുളസിയായിരുന്നു. ഇന്നും വ്യത്യസ്തയുടെ ചിത്രപേടത്തില്‍ മുകളിലെ നിരയില്‍ തുളസി തന്നെയാണ്. പകര്‍ത്തിയ കാഴ്ചകള്‍ക്ക് നിറങ്ങള്‍കൊണ്ട് മറ്റൊരു ചിത്രം കൂടി എഴുതാന്‍ തുളസി പലപ്പോഴും ശ്രദ്ധിച്ചിരുന്നു. അതു തന്നെയായിരുന്നു അദ്ദേഹത്തെ ശ്രദ്ധാ കേന്ദ്രം ആക്കിയതും.
ചിത്രമെടുപ്പിന്റെ സെലക്ഷനിലും തുളസി ഒരുപാടു ജാഗരൂകനായിരുന്നു. കാഴ്ചകള്‍ പതിവുകാഴ്ചപ്പാടിനും അപ്പുറമുള്ള ഫ്രെയിമുകളിട്ടാണ് നമുക്കിയാള്‍കാണിച്ചുതന്നത്. പക്ഷെ അതു പലപ്പോഴും തിരിച്ചറിയാതെ ഒഴുക്കിലേക്കൊതുങ്ങി പോവുകയും ഉണ്ടായി. ഡിഫിയില്‍ തുടങ്ങി ജാതിചിന്തയുടെ ചാളമണത്തിലും ഹേറ്റ്സ്പീച്ചുകളുടെ കറുപ്പിലും പിന്നെ അവിടെ നിന്നും അനോണികളുടെ പൂണ്ടുവിളയാട്ടത്തിലും ലക്ഷ്യം വച്ചുള്ള ആക്രമണത്തിലുമൊക്കെ എത്തി നിന്ന “ജനാധിപത്യമാണ് മറുപടി” പുതിയൊരു പോസ്റ്റില്‍ മതിലിനപ്പുറം പോകുന്ന ചെങ്കൊടിയും അതിനുമുകളിലെ നരച്ച ആകാശവും വരച്ചുകാട്ടിയപ്പോള്‍ നമ്മളവിടെ ചാരനിറം മാത്രം കണ്ടു. പിന്നെ അല്പം കൊടിയുടെ “നിറവും”. ഇതുപോലെ ഒരുപാടു ചിത്രങ്ങള്‍ ചിത്രകാരന്‍ ഉദ്ദേശിച്ച നിലയില്‍ ആസ്വാദനം നടന്നു എന്നു തോന്നുന്നില്ല. (അങ്ങനെ നടക്കണമെന്നില്ലല്ലോ!).
ഭൂതകാലത്തില്‍ നിന്ന് :
“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുബോഴാണെന്റെ സ്വർഗ്ഗം“
എന്ന പ്രൊഫ. മധുസൂദനന്റെ വരികളുടെ അകമ്പടിയോടെ വന്ന ഒരു ചിത്രം, അമ്പലത്തിലെ
കാവിൽ നിന്നും പോസ്റ്റിലേക്കു പടർന്ന വള്ളിയുടെ ഫോട്ടോ. അതാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി ശ്രദ്ധിച്ച തുളസി ചിത്രം. പിന്നെ നാടന്‍ കാഴ്ചകളുടെ കുത്തിയൊഴുക്കായിരുന്നു, അമ്പലക്കുളത്തിന്റെ ഒരു ടോപ്പ് ആങ്കിള്‍ ഷോട്ട്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലെടുത്ത് ഫോട്ടോഷോപ്പില്‍ അല്പം കോണ്ട്രാസ്റ്റ് ഒക്കെ കൂട്ടിയ ഒരു പടം കണ്ടു. അതാണ് ഞാന്‍ ആദ്യമായി അതിശയത്തോടെ നോക്കിയ ചിത്രം. ഒരു ചെറുപ്പക്കാരന്‍ കാഴ്ചകളെ വ്യത്യസ്തമായി നോക്കാന്‍ ശ്രമിക്കുന്നത് അവിടെ കാണാന്‍ കഴിഞ്ഞു.
പച്ച. പച്ചയായിരുന്നു തുളസിയുടെ അന്നത്തെ നിറം. നീലേശ്വരത്തിന്റെ പച്ചമുഴുവന്‍ ബ്ലോഗിലേക്ക് പരന്നു. പോത്തുകള്‍ നീരാടുന്ന പച്ചക്കുളമായും , അമ്പലക്കുളമായും , കാവായും , കാടായും , വീടായും , തറവാടായും , വഴിയായും , പുഴയായും , പൂവായും , പായലായും ഒക്കെ ഭൂതകാലകുളിരില്‍ വിരിഞ്ഞു. കൂടാതെ ആകാശത്തില്‍ വിരിഞ്ഞ പച്ചയും, മുറ്റത്ത് വെയിലില്‍ ഇലയടയ്കൂള്ള വാഴയില വാട്ടുന്ന പച്ചയും പകര്‍ത്തിയെടുത്തു.
ഭൂതകാലക്കുളിര്‍-തുളസി-ക്യാമറ എന്ന ത്രിമൂര്‍ത്തികളെ ചേര്‍ത്തുവച്ച് കാണാവുന്ന മറ്റൊന്നുകൂടിയുണ്ട്. ചുവപ്പ്. അരദൈവങ്ങളുടെയും ഗുളികന്റേയും ഒക്കെ മുഖത്ത് പന്തത്തിന്റെ ചൂടുപടര്‍ന്ന ചുവപ്പ്. തെയ്യത്തിന്റെ ചുവപ്പ് ഭുതകാലക്കുളിരില്‍ അതിന്റെ ഭൂതകാലത്തില്‍ തന്നെ പടര്‍ന്നു തുടങ്ങിയിരുന്നു. നട്ടുച്ച ഗുളികനായും , ദൈവമായും , തെയ്യക്കാരന്‍ കക്കാട്ട് രാജന്‍ പണിക്കര്‍ കെട്ടിയ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ “പരദേവത“യായും ദൈവവേഷം കെട്ടായും ഒക്കെ ചുവപ്പ് പടര്‍ന്നു കിടന്നു.
കാഴ്ചക്കാരനൈല്‍ ഗൃഹാതുരത്വമുണര്‍ത്തി ശല്യപ്പെടുത്തുക എന്നത് തുളസിയുടെ പതിവു ഹോബിയായിരുന്നു. കണ്ടവും കവുങ്ങും , മഴയും , പിന്നെ “മണ്ണില്‍ ചവിട്ടി, പൂക്കളെ മണത്ത് , കാറ്റിലലഞ്ഞ്“ നടക്കുന്ന കാഴ്ചകളും കണ്ട് ബൂലോകത്തില്‍ തുളസിയെ അസൂയയോടെ (ഇഷ്ടത്തോടെയും) ശപിച്ചവര്‍ ചില്ലറയല്ല.
ഭൂതകാലകുളിരിന്റെ ചുവരില്‍ തുളസി ഒരുപാടു ജീവിതങ്ങള്‍ ഒട്ടിച്ചുവച്ചു. അവയൊന്നും വെറുമൊരു പോര്‍ട്രേറ്റ് ആയിരുന്നില്ല. ഓരോവ്യക്തിയുടെ ഐഡന്റിറ്റിയും വെളിവാക്കുന്ന ചിത്രങ്ങളായിരുന്നു.
അതില്‍ പ്രധാനപെട്ടതും മലയാളം ബ്ലോഗേര്‍സ് മറക്കാത്തതുമായ വ്യക്തിയാണ് ചന്തു നായര്‍.
" എന്തന്നിടോ ബേണ്ടേ എല്ലം പോവോലും......എല്ലം.. (എന്തു ചെയ്യാന്‍, എല്ലാം അവസാനിക്കാന്‍ പോകുകയാണ്) എന്നു പറഞ്ഞ് മുട്ടോളം വെള്ളം കയറിയ കവുങ്ങിന്‍ തോട്ടത്തിലൂടെ മടക്കി കുത്തിയ ഒറ്റമുണ്ട് ഒന്നുടെ ചുരുട്ടി കയറ്റി പിടിച്ച് കടവാതില്‍ ഈമ്പിയിട്ട പഴുത്തടക്ക നോക്കി നടക്കുന്ന ചന്തു നായര്. 2006 ജൂണില്‍ നമ്മള്‍ അതിശയത്തോടെ നോക്കി കണ്ട പാവം ചന്തുനായരുടെ ചരമവാര്‍ത്തയും തുളസിവഴി 2006 ഡിസംബറില്‍ നമ്മള്‍ അറിഞ്ഞു. അതുപോലെ തന്നെ, തന്റെ ചുളിവുകള്‍ വീണകയ്യില്‍ നരച്ചതലതാങ്ങി ഇരിക്കുന്ന മുത്തശ്ശിയുടെ “സായാഹ്നവും“, അന്നു എല്ലാവരും താല്പര്യത്തോടെ നോക്കി നിന്ന തുളസിയുടെ അനിയസംഘമായ രാജീവിന്റേയും അവിനാഷിന്റേയും ചിത്രവും, നേരേങ്ങളയുടെ പിന്നില്‍ ചിരിച്ചു നില്‍ക്കുന്ന അനിയത്തിയും , പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും (അവളുടെ ഒട്ടനവധി ചിരികളും ചിന്തകളും ഈ ബ്ലോഗിലൂടെ പുറത്തു വന്നിട്ടുണ്ട്), ഇരുട്ടില്‍ വരച്ച കലാധരന്‍ ഒക്കെ നമുക്കു സമ്മാനിച്ച ദൃശ്യാനുഭവം പുതുമയുള്ളതായിരുന്നു.
ഒരു ഫ്രെയിമിലൂടെ തന്നെ രണ്ടുകാലങ്ങളുടെ കാഴ്ചയും നമ്മള്‍ അവിടെ കണ്ടു. പച്ചയുടെ “പ്രലോഭനത്തിലും”, കുന്നിന്റെ മുകളില്‍ പറങ്കിമാവ് പൂത്തുതുടങ്ങുമ്പോള്‍ മണത്തു തുടങ്ങുന്ന “വെയിലിലും.
ചുറ്റിലുമുള്ള കാഴ്ചകള്‍ പകര്‍ത്തുന്നതായിരുന്നു തുളസിയുടെ മിടുക്ക്. കയ്യറിഞ്ഞ് കാഴ്ച ഒരുക്കിയപ്പോളെ അതൊരു ‘സെറ്റിടലിന്റെ’ നിലയിലേക്ക് ഒഴുകിപോയിട്ടുണ്ട്. ഉദാഹരണങ്ങളാണ് “ദളിതവും“ , “എരിവും“. ഇതില്‍ എരിവുമാത്രമാണ് ഒരു അബ്സ്ട്രാക്റ്റിന്റെ ചായ്‌വുള്ള ഇഷ്ടം പകര്‍ന്നത്.
ഈ രണ്ടുചിത്രങ്ങളിലും ആ വ്യത്യാസം തിരിച്ചറിയാനാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എന്റെ ആരോപണം ചിത്രകാരന്‍ നിഷേധിച്ചു എങ്കിലും. ഞാന്‍ ഈ പറഞ്ഞത് ഒരു കുറവായിട്ടല്ല, എനിക്കു തോന്നിയ ഒരു തിരിച്ചറിവായിട്ടാണ്.
വര്‍ത്തമാന കാലത്തില്‍:
ബ്ലോഗിന്റെ ഡിജിറ്റല്‍ മുഖത്തുനിന്നും ഇന്ന് ഹിന്ദുവിന്റെ മെട്രോ താളിലൂടെ കൊച്ചിയുടെ പുലരിക്കാഴ്ചകളിലേക്ക് തുളസിയുടെ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. അങ്ങനെ ഒരു നിലയിലേക്കുയര്‍ത്താന്‍ ബ്ലോഗിലെ കമന്റുകളും കണക്ഷനുകളും സഹായമായി എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
പണ്ടു മുതല്‍ തന്നെ തുളസിയുടെ ഉള്ളില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് കാര്യമായിട്ടുണ്ട് എന്നതിന്റെ തെളിവാണ് വടക്കുംനാഥന്റെ മുന്നിലൂടെ നീങ്ങുന്ന “സഖാക്കളുടെ പൂരം”, ഫോര്‍ട്ട് കൊച്ചിയിലെ സ: സാന്റോ ഗോപാലന്‍മെമ്മോറിയല്‍ “വായനശാല“എന്നിവ. ആ ലിസ്റ്റില്‍ പുതിയതാണ് “അമ്മയും മക്കളും” എന്ന പോസ്റ്റിലെ അമ്മമാരുടെ ചിത്രം. മുഖത്തുവെട്ടമടിക്കാതെ എടുത്ത ആ ചിത്രം ഒരുപാടു സംസാരിക്കുന്നുണ്ട്. അതുപോലെ തന്നെ നീലച്ചുവരിലെ “ആദ്യാക്ഷരം” എന്ന പോസ്റ്റിലെ ചിത്രത്തിലും “ജനാധിപത്യമാണ് മറുപടി” എന്ന പോസ്റ്റിലെ ചിത്രത്തിലും അതിന്റെ ഓരം പറ്റി ഒരു നല്ല പ്രസ് ഫോട്ടോഗ്രാഫര്‍ നടന്നു പോകുന്ന കാഴ്ചകാണാനാകും.
അതുകൂടാതെ പുതിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപെടെണ്ടവയാണ് “പൂമോളു“ എന്ന പച്ചയും ചുവപ്പും കറുപ്പും മാത്രമുള്ള ചിത്രം, മാഷ് എന്ന പേരില്‍ വന്ന കലാധരന്റെ ചിത്രം.
തുളസി എന്ന ഫോട്ടോഗ്രാഫറുടെ വളര്‍ച്ച അദ്ദേഹത്തിന്റെ ഫ്രെയിമിങ്ങിലെ പക്വതയിലൂടെ തെളിയുന്നു. പണ്ട് തുളസി എടുത്തിട്ടുള്ള തെയ്യ ചിത്രങ്ങളില്‍ നിന്നും പുതിയ ഈ “അരദൈവങ്ങള്‍” ചിത്രത്തിനുള്ള ഫ്രെയിമിങ്ങിലെ വ്യത്യാസമാണ് അതിനു തെളിവ്.
ഫോട്ടോം പിടിക്കണ ഒരു നല്ല ‘എഞ്ചിനിന്റെ‘ കുറവ് പണ്ട് തുളസിക്ക് ഉണ്ടായിരുന്നു എന്ന് മനസിലാക്കിയത് തുളസി തന്റെ പുതിയ ഡി എസ് എല്‍ ആറില്‍ എടുത്ത ചിത്രങ്ങള്‍ കണ്ടപ്പോഴാണ്. ദൈവമേ ഇത്തരത്തില്‍ ഒന്നു നേരത്തേ അവനുണ്ടായിരുന്നു എങ്കില്‍ ഗ്രെയിന്‍സിലൂടേയും ഔട്ട്
ഓഫ് ഫോക്കസിലൂടെയും അവന്‍ കാണിച്ചുതന്ന കാഴ്ചകള്‍ക്ക് എത്രകൂടുതല്‍ മിഴിവുണ്ടായനേ എന്ന് ചിന്തിച്ചുപോയി.
തുളസി ഒരു കമ്മ്യൂണിസ്റ്റാണ്. അതു പറയാന്‍ തുളസിക്ക് തലയെടുപ്പാണ്. അതിങ്ങനെ എഴുതാന്‍ എനിക്കൊരു സന്തോഷവും. തുളസി വഴിമാറി നടക്കുന്നവനാണെന്നു ഞാന്‍ പറയില്ല, പക്ഷെ അവന്‍ തന്റെ വഴി അറിഞ്ഞു നടക്കുന്നവനാണ്. അതുകൊണ്ടുതന്നെ ബ്ലോഗിന്റെ മുഖ്യധാരയില്‍ നിന്നും മാറിയൊരു ഒഴുക്കാണ് തുളസിയുടെത്.
തുളസിയുടെ നല്ല ചിത്രങ്ങള്‍ എന്നും ഒരു കഥപറഞ്ഞിരുന്നു, ഒരു കഥയ്ക്കുള്ള കോപ്പ് അതില്‍ കൂട്ടിവച്ചിരുന്നു, ചിന്തിക്കാനുള്ള വക അതില്‍ ചിതറി കിടന്നു. തുളസിചിത്രങ്ങള്‍ എന്നും ബൂലോകത്ത് ഒരു സ്പേസ് ഉണ്ടാക്കി മാറി നിന്നു. ഇനി ഭാവികാലത്തിലും അങ്ങനെ ഒരു മാറിനില്പിനു സാക്ഷിയാകാന്‍ നമുക്കൊക്കെ കഴിയട്ടെ. തുളസിക്കും.
വധം കഴിഞ്ഞു. ഇനി എണീറ്റുകൊള്‍ക!
(പ്രത്യേക ശ്രദ്ധയ്ക്ക് : കമ്മറ്റിയാപ്പീസില്‍ കാശടച്ചാല്‍ ഇതിലുള്ള വരയുടെ വളരെ വലിയ / ഹൈ റെസൊലൂഷന്‍ ഫയല്‍ കൈമാറുന്നതാണ്)