
"ദേവന്" എന്നാണ് ഞങ്ങള്‍ ഈ ദേഹത്തെ വിളിക്കാറുള്ളത്. മറ്റുചിലര്‍ക്ക് ദേവേട്ടന്. ചില വേറിട്ട ബ്ലോഗുകള്‍ കൈവശം വച്ചിരിക്കുന്നയാളാണ് പ്രസ്തുത വ്യക്തി. തറവാട്ട് ബ്ലോഗിന്റെ പേര് ദേവരാഗം.
വ്യക്തിഹത്യയില്‍ ഇത്തവണ തലവയ്ക്കുന്നത് ദേവന് തന്നെയാകട്ടെ. ഈ വ്യക്തിയെ ഹത്യയ്ക്കു തുനിഞ്ഞാല്‍ എന്റെ കീ ബോര്‍ഡ് വിറയ്ക്കും. അത്രയ്ക്ക് പ്രിയങ്കരമാണ് ബൂലോകത്തിന് ഈ രാഗം.
എന്റെ ഓര്‍മ്മയില്‍ ദേവന് എന്ന പേരിനൊപ്പം മനസിലെത്തുന്നത് ഒരു സ്ഥലപ്പേര് ആണ്. കൂമന്‍പള്ളി. ആസ്വാദാനത്തിന്റെ
മര്‍മ്മം അറിയുന്ന എഴുത്തിന്റെ ദേവനെ ഞാന്‍ തിരിച്ചറിയുന്നത് കൂമന് പള്ളിയിലൂടെയാണ്. അവിടെ വന്ന ചില കഥാപാത്രങ്ങളെ ഓര്‍മ്മയില്‍ തപ്പിപോയപ്പോള്‍ മനസിലെത്തുന്ന ഒരുപാട് ലിങ്കുകളില്‍ ചിലതു മാത്രം ഇവിടെ പറയാം. അതില്‍ പ്രമുഖന് ആണ് ഗാന്ധി പോലീസ്. "Police Story-3 ഗാന്ധിമാര്‍ഗ്ഗം"
"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട് ഡ്രൈവറുടെ നേരേ എറിഞ്ഞ് ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!
'അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട് അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക് '
ഗാന്ധി ദേവന്റെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്.
(എനിക്ക് അന്ന് പലപ്പോഴും കൂമന്‍പള്ളിയും കൊടകരയും ഒന്നാണെന്ന് തോന്നിയിരുന്നു)
"സന്തോഷ് പോളെന്നാണ് എന്റെ പേര്. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ് ഉണ്ട്. നിങ്ങളു വിചാരിക്കുണ്ടാവും ഞാന്‍ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല." ഞാന്‍ അന്തം വിട്ടു . അയാള്‍ തുടര്‍ന്നു "എനിക്ക് ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട് മാത്രം ഞാനിവിടെ കിടക്കുകയാണ്. കുറച്ചു നാള് കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും" ഇത് വധകുശന്‍ എന്ന പോസ്റ്റില്‍ നിന്നാണ്. തമാശകള്‍ ഉള്ളതും അതിലൂടെ ഒരു ചിന്ത ഇറക്കി വയ്ക്കുന്നതുമായ പോസ്റ്റുകള്‍.
പാണ്ടിലോറിയുടെ ചുവന്ന പിന് വെളിച്ചത്തിലൂടെ ദൂരേക്കു പപ്പന് മറയുമ്പോള്‍, ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാനെ (കാമ്യവരദം) ഞാന്‍ ഒരിക്കലും മറക്കില്ല. കാരണം അത് എന്റെ കണ്ണന് കോവിക്കു ഡെഡിക്കേറ്റു ചെയ്ത കഥാപാത്രമാണ്.
ഹത്യയുടെ ആംഗിളില്‍ നോക്കിയാല്‍ ദേവന് ഏകദേശം 4 മാസത്തോളം ഈ കൂമന്‍പള്ളി അടച്ചിട്ട തെറ്റ് കണ്ടു പിടിക്കാം. ദേവനെ കൊല്ലാം. പക്ഷെ രണ്ടു മൂന്നു ദിവസം മുന്‍പു അവിടെ കയറി ഒരു പോസ്റ്റിട്ടു ചുള്ളന്. (പോലീസ് സ്റ്റോറി 4 - മാതൃകം)
പക്ഷെ ആയുരാരോഗ്യം മറ്റൊരു വഴിയില്‍ വളരുകയായിരുന്നു.
ദേവന് ആയുരാരോഗ്യത്തില്‍ എഴുതിയതു പലതും സാധാരണക്കാര്‍ക്ക് വായിക്കാന്‍ വൈദ്യരംഗത്തെ ഒരു റിസര്‍ച്ച് ഗ്രന്ഥം പോലെയാണ്. വായിച്ചാല്‍ പലതും തലയില്‍ കയറില്ല എങ്കിലും ഒരു ആരാധനയോടെ ഞാന്‍ അതെല്ലാം ഓഫ് ലൈന്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. പള്‍സ് പോളിയോ പദ്ധതിയുടെ ഫലത്തെ കുറിച്ചുള്ള ചിന്തമുതല്‍ ഹൃദയ ധമനികളിലെ ചോരയോട്ടത്തിന്റെ വേഗവ്യത്യാസങ്ങള്‍ വരെ. അതില്‍ കുഴഞ്ഞുമറിയുന്ന കുളസ്റ്റ്രോള്‍ എന്താണെന്നു വരെ.
ആയുരാരോഗ്യത്തിന്റെ ആദ്യ പോസ്റ്റില്‍ ദേവന് എഴുതിയത് ഇങ്ങനെയാണ്, "അനാട്ടമി, ആരോഗ്യം, ജീവന്, മരണം എന്നിവയില്‍ തുടങ്ങുന്ന ഒരു സാധാരണ വൈദ്യശാസ്ത്ര പുസ്തകത്തില്‍ നിന്നു വത്യസ്ഥമായി ഞാന്‍ ഹൃദയത്തിലെന്റെ ഹരിശ്രീ കുറിക്കുന്നു. ലോകത്തിലെ ഏറ്റവുവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നതു തന്നെ കാരണം."
ഇപ്പോള്‍ പുതുമയുടെ ഒരു വേറിട്ട വഴി വെട്ടുകയാണ് ഇവിടെ ദേവന്. ദേവപഥം എന്ന പേരില്‍. ആ വഴിയില്‍ ഇതിനകം തന്നെ വിളക്കുകാലുകള്‍ ആറെണ്ണം ആയി. ബൂലോക വിചാരണവും വിശകലനവും ഒക്കെ ചേര്‍ത്ത് ആ വഴിയില്‍ ദേവന് ഒരുപാട് യാത്രചെയ്യാനുണ്ട്. ആ ചിന്തകളെ പിന് പറ്റി നമുക്കും. നമുക്കൊക്കെ ഒരു ഒരു ആത്മ പരിശോധനയാണ് അതില്‍ പലതും.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പരിചയം ആയി എങ്കിലും ഈ വ്യക്തിയെ ഞാന്‍ നേരില്‍ കാണുന്നത് ഈ അടുത്ത കാലത്താണ്, കൊച്ചിയില്‍ ഞങ്ങളെ കാണാന്‍ വന്നപ്പോള്‍. അതിനു മുന്‍പേ തന്നെ ഫോട്ടോകള്‍ കണ്ടിട്ടുള്ളതു കൊണ്ട് ദേവന് എന്ന ഭീകരനെ പ്രതീക്ഷിച്ചിരുന്ന എനിക്കു ബോധ ക്ഷയം ഉണ്ടായില്ല. ആ ചെറിയ തലയില്‍ ഇത്രയും അറിവുകളുടെ ഭണ്ഡാരമെവിടെ വച്ചിരിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചുപോയി.
ഇദ്ദേഹമാണ് ബൂലോക ക്ലബ്ബിന്റെ ഉപജ്ഞാതാവ്. ആ പറമ്പിന്റെ ആദ്യ ഉടമ. ആ പറമ്പില്‍ പലപ്പോഴും കരക്കാരുടെ വെട്ടും കുത്തും നടന്നപ്പോഴൊക്കെ ദേവന് ശക്തമായി അക്കമിട്ട കമന്റുകളുമായി വന്നിരുന്നു.
ഇനി നമുക്ക് ദേവന്റെ കമന്റുകളെക്കുറിച്ച് അല്‍പ്പം. കമന്റുകള്‍ക്ക് പോസ്റ്റുകളുടെ ശക്തി നല്കാന് കഴിയുന്നവന്. പല പോസ്റ്റുകളിലും നിര്‍ണ്ണായകമായ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ദേവന്റെ വിശദമായ കമന്റും പ്രതീക്ഷിച്ചിരിക്കാറുണ്ട്. കാര്യങ്ങള്‍ വിശകലനം ചെയ്യാതെ ഒരു കമന്റും ആ തലയില്‍ നിന്നും വന്നതായി ഓര്‍ക്കുന്നില്ല. ഓഫടിച്ചാല്‍ പോലും ഓണായികിടക്കുന്ന നര്‍മ്മബോധം ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ കണ്ടു. എന്റെ ഒരു പോസ്റ്റില്‍ വന്ന “കൊല്ലം സ്റ്റൈല്‍ മെഡിക്കല്‍ ഡിസ്കഷന്“ തന്നെ അതിനൊരു ഉദാഹരണം. ഞാനൊക്കെ ആയിരുന്നെങ്കില്‍ അതിനെ ഒരു പോസ്റ്റ് ആയി തന്നെ പബ്ലീഷ് ചെയ്തേനെ. അതാണ് ദേവനെ ദേവനാക്കുന്ന രാഗം.
അതെ, ഇതൊക്കെ തന്നെയാണ് എന്റെ മനസിലെ ദേവന്, വിദ്യയുടെ കെട്ടിയവന്, ദേവദത്തന്റെ അഛന്.
ഈ പ്രിയ സുഹൃത്തിന്റെ ചിത്രം മൌസിലൂടെ കോറിവരയ്ക്കാന്‍ കഴിഞ്ഞതിലും, വ്യക്തിഹത്യ എന്ന ഈ താളില്‍ ആ വ്യക്തിപ്രഭാവത്തിന്റെ കുഞ്ഞുതിരി കൊളുത്തിവയ്ക്കാന്‍ കഴിഞ്ഞതിലും ഞാന്‍ സന്തോഷിക്കുന്നു.