Tuesday, August 07, 2007

ബാച്ചിലേര്‍സ് മടയിലെ കാഴ്ചകള്‍.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ബാച്ചിലര്‍ ബ്ലോഗറുടെ മടയിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകള്‍ ആണ് ഇതൊക്കെ. ആ മാന്യ ദേഹവും അദ്ദേഹത്തിന്റെ ബാച്ചിലര്‍ സുഹൃത്തുക്കളും തങ്ങളുടെ ബാച്ചിലര്‍ ലൈഫ് നുരയിക്കുന്ന മടയിലെ ഈ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെ ഇവിടെ പൊതു ദര്‍ശനത്തിനു വയ്ക്കുന്നു.


ഷൂ റാക്ക്.
അകത്തേക്ക് കടക്കും മുന്‍പ് പാദരക്ഷകള്‍ ഇവിടെ അഴിച്ചുവയ്ക്കുക. (അപ്പുറത്തെ വീട്ടിലെ പട്ടിക്കുഞ്ഞുപോലും ഇതിലൊന്നു വന്ന് കടിച്ചെടുക്കാന്‍ ധൈര്യം കാണിക്കില്ല)

ലൈബ്രറി കം ഡ്രോയിംഗ് റൂം


ബ്രോഡ് ബാന്റ് കണക്ഷന്‍ ഉള്ള പുതിയ പി സി.
ഇത് വാങ്ങിയപ്പോള്‍ ഇതിന്റെ മനോഹരചിത്രം നമ്മളൊക്കെ കണ്ടതാണ്. ഇതാണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ.

ബെഡ് റൂം

അദ്ദേഹത്തിന്റെ സഹവാസിയുടെ ബെഡ്‌റൂമും വാഡ്രോബും.


ഡിസൈനര്‍ കിച്ചണ്‍

(ആ ചുവരില്‍ ഒട്ടിച്ചിരിക്കുന്ന നോട്ടീസില്‍ “ ഉപയോഗിച്ച പാത്രങ്ങള്‍ ദയവായി കഴുകിവയ്ക്കുക“ എന്ന് എഴുതിയിട്ടുണ്ട്.) പക്ഷെ 18 മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കി കഴിച്ച ആലു സബ്ജിയുടെ ബാക്കി കറുത്ത നിറത്തില്‍ അവിടെ ഉള്ള പാത്രങ്ങളില്‍ ഉണ്ട് എന്നത് സത്യം. അതിന്റെ ചിത്രം എടുത്ത് ഞാന്‍ ആ ബ്ലോഗറെ നാറ്റിക്കുന്നില്ല. പബ്ലീഷ് ചെയ്യാന്‍ സ്വാതന്ത്ര്യം തന്നവന്റെ നെഞ്ചില്‍ കയറി ഇരുന്നു ഫ്ലാഷ് അടിക്കാന്‍ പാടില്ലല്ലോ! ഗ്യാസടുപ്പിനുമുകളില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക. (ഐസുകട്ടയില്‍ പെയിന്റടിക്കുന്ന ടീമാണ് നമ്മുടെ ബ്ലോഗറും സംഘവും എന്ന് ഇതില്‍ നിന്നും മനസിലാക്കുക)നീ-ഹൈ ജോക്കി ബൂട്ട്സ്.!.

ഇത് അവിടെ കണ്ട ഒരു സവിശേഷ വസ്തുവാണ്. ഇതും ധരിച്ച് കുതിരപ്പുറത്തുകയറുമ്പോള്‍ കുതിര തുമ്മി തുമ്മി ഓടുന്നത് നമുക്ക് സങ്കല്‍പ്പിച്ചു നോക്കാം.

ഇതാരാണെന്നുള്ളതിനെ കുറിച്ചുള്ള ഒരു ക്ലൂ മുകളില്‍ ഒരിടത്ത് എന്റെ വരികളില്‍ ഉണ്ട്.

ഇത് പബ്ലീഷ് ചെയ്യാന്‍ അനുവാദം തന്ന എന്റെ പ്രിയ ബ്ലോഗര്‍ക്ക് നന്ദി.

ആ ബ്ലോഗര്‍ ആരാണെന്ന് ഇപ്പോള്‍ പിടികിട്ടിയോ? ഇല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് ജീവിതത്തില്‍ ഒരിക്കലും പിടികിട്ടാനും പോകുന്നില്ല. (ഞാന്‍ രക്ഷപ്പെട്ടു!)

Tuesday, April 17, 2007

ദേവമാകുന്ന രാഗം!


"ദേവന്‍" എന്നാണ് ഞങ്ങള്‍ ഈ ദേഹത്തെ വിളിക്കാറുള്ളത്. മറ്റുചിലര്‍ക്ക് ദേവേട്ടന്‍. ചില വേറിട്ട ബ്ലോഗുകള്‍ കൈവശം വച്ചിരിക്കുന്നയാളാണ് പ്രസ്തുത വ്യക്തി. തറവാട്ട് ബ്ലോഗിന്റെ പേര്‍ ദേവരാഗം.
വ്യക്തിഹത്യയില്‍ ഇത്തവണ തലവയ്ക്കുന്നത് ദേവന്‍ തന്നെയാകട്ടെ. ഈ വ്യക്തിയെ ഹത്യയ്ക്കു തുനിഞ്ഞാല്‍ എന്റെ കീ ബോര്‍ഡ് വിറയ്ക്കും. അത്രയ്ക്ക് പ്രിയങ്കരമാണ് ബൂലോകത്തിന് ഈ രാഗം.

എന്റെ ഓര്‍മ്മയില്‍ ദേവന്‍ എന്ന പേരിനൊപ്പം മനസിലെത്തുന്നത് ഒരു സ്ഥലപ്പേര്‍ ആണ്. കൂമന്‍പള്ളി. ആസ്വാദാനത്തിന്റെ
മര്‍മ്മം അറിയുന്ന എഴുത്തിന്റെ ദേവനെ ഞാന്‍ തിരിച്ചറിയുന്നത് കൂമന്‍ പള്ളിയിലൂടെയാണ്. അവിടെ വന്ന ചില കഥാപാത്രങ്ങളെ ഓര്‍മ്മയില്‍ തപ്പിപോയപ്പോള്‍ മനസിലെത്തുന്ന ഒരുപാട് ലിങ്കുകളില്‍ ചിലതു മാത്രം ഇവിടെ പറയാം. അതില്‍ പ്രമുഖന്‍ ആണ് ഗാന്ധി പോലീസ്. "Police Story-3 ഗാന്ധിമാര്‍ഗ്ഗം"
"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!
'അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ '


ഗാന്ധി ദേവന്റെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്.

(എനിക്ക് അന്ന് പലപ്പോഴും കൂമന്‍പള്ളിയും കൊടകരയും ഒന്നാണെന്ന് തോന്നിയിരുന്നു)

"സന്തോഷ്‌ പോളെന്നാണ്‌ എന്റെ പേര്‍. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ്‌ ഉണ്ട്‌. നിങ്ങളു വിചാരിക്കുണ്ടാവും ഞാന്‍‍ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല." ഞാന്‍‍ അന്തം വിട്ടു . അയാള്‍ തുടര്‍‍ന്നു "എനിക്ക്‌ ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട്‌ മാത്രം ഞാനിവിടെ കിടക്കുകയാണ്‌. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും" ഇത് വധകുശന്‍ എന്ന പോസ്റ്റില്‍ നിന്നാണ്. തമാശകള്‍ ഉള്ളതും അതിലൂടെ ഒരു ചിന്ത ഇറക്കി വയ്ക്കുന്നതുമായ പോസ്റ്റുകള്‍.

പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു പപ്പന്‍ മറയുമ്പോള്‍, ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാനെ (കാമ്യവരദം) ഞാന്‍ ഒരിക്കലും മറക്കില്ല. കാരണം അത് എന്റെ കണ്ണന്‍ കോവിക്കു ഡെഡിക്കേറ്റു ചെയ്ത കഥാപാത്രമാണ്.

ഹത്യയുടെ ആംഗിളില്‍ നോക്കിയാല്‍ ദേവന്‍ ഏകദേശം 4 മാസത്തോളം ഈ കൂമന്‍പള്ളി അടച്ചിട്ട തെറ്റ് കണ്ടു പിടിക്കാം. ദേവനെ കൊല്ലാം. പക്ഷെ രണ്ടു മൂന്നു ദിവസം മുന്‍പു അവിടെ കയറി ഒരു പോസ്റ്റിട്ടു ചുള്ളന്‍. (പോലീസ് സ്റ്റോറി 4 - മാതൃകം)

പക്ഷെ ആയുരാരോഗ്യം മറ്റൊരു വഴിയില്‍ വളരുകയായിരുന്നു.
ദേവന്‍ ആയുരാരോഗ്യത്തില്‍ എഴുതിയതു പലതും സാധാരണക്കാര്‍ക്ക് വായിക്കാന്‍ വൈദ്യരംഗത്തെ ഒരു റിസര്‍ച്ച് ഗ്രന്ഥം പോലെയാണ്. വായിച്ചാല്‍ പലതും തലയില്‍ കയറില്ല എങ്കിലും ഒരു ആരാധനയോടെ ഞാന്‍ അതെല്ലാം ഓഫ് ലൈന്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. പള്‍സ് പോളിയോ പദ്ധതിയുടെ ഫലത്തെ കുറിച്ചുള്ള ചിന്തമുതല്‍ ഹൃദയ ധമനികളിലെ ചോരയോട്ടത്തിന്റെ വേഗവ്യത്യാസങ്ങള്‍ വരെ. അതില്‍ കുഴഞ്ഞുമറിയുന്ന കുളസ്റ്റ്രോള്‍ എന്താണെന്നു വരെ.

ആയുരാരോഗ്യത്തിന്റെ ആദ്യ പോസ്റ്റില്‍ ദേവന്‍ എഴുതിയത് ഇങ്ങനെയാണ്, "അനാട്ടമി, ആരോഗ്യം, ജീവന്‍, മരണം എന്നിവയില്‍ തുടങ്ങുന്ന ഒരു സാധാരണ വൈദ്യശാസ്ത്ര പുസ്തകത്തില്‍ നിന്നു വത്യസ്ഥമായി ഞാന്‍ ഹൃദയത്തിലെന്റെ ഹരിശ്രീ കുറിക്കുന്നു. ലോകത്തിലെ ഏറ്റവുവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നതു തന്നെ കാരണം."

ഇപ്പോള്‍ പുതുമയുടെ ഒരു വേറിട്ട വഴി വെട്ടുകയാണ് ഇവിടെ ദേവന്‍. ദേവപഥം എന്ന പേരില്‍. ആ വഴിയില്‍ ഇതിനകം തന്നെ വിളക്കുകാലുകള്‍ ആറെണ്ണം ആയി. ബൂലോക വിചാരണവും വിശകലനവും ഒക്കെ ചേര്‍ത്ത് ആ വഴിയില്‍ ദേവന് ഒരുപാട് യാത്രചെയ്യാനുണ്ട്. ആ ചിന്തകളെ പിന്‍ പറ്റി നമുക്കും. നമുക്കൊക്കെ ഒരു ഒരു ആത്മ പരിശോധനയാണ് അതില്‍ പലതും.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പരിചയം ആയി എങ്കിലും ഈ വ്യക്തിയെ ഞാന്‍ നേരില്‍ കാണുന്നത് ഈ അടുത്ത കാലത്താണ്, കൊച്ചിയില്‍ ഞങ്ങളെ കാണാന്‍ വന്നപ്പോള്‍. അതിനു മുന്‍പേ തന്നെ ഫോട്ടോകള്‍ കണ്ടിട്ടുള്ളതു കൊണ്ട് ദേവന്‍ എന്ന ഭീകരനെ പ്രതീക്ഷിച്ചിരുന്ന എനിക്കു ബോധ ക്ഷയം ഉണ്ടായില്ല. ആ ചെറിയ തലയില്‍ ഇത്രയും അറിവുകളുടെ ഭണ്ഡാരമെവിടെ വച്ചിരിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചുപോയി.

ഇദ്ദേഹമാണ് ബൂലോക ക്ലബ്ബിന്റെ ഉപജ്ഞാതാവ്. ആ പറമ്പിന്റെ ആദ്യ ഉടമ. ആ പറമ്പില്‍ പലപ്പോഴും കരക്കാരുടെ വെട്ടും കുത്തും നടന്നപ്പോഴൊക്കെ ദേവന്‍ ശക്തമായി അക്കമിട്ട കമന്റുകളുമായി വന്നിരുന്നു.

ഇനി നമുക്ക് ദേവന്റെ കമന്റുകളെക്കുറിച്ച് അല്‍പ്പം. കമന്റുകള്‍ക്ക് പോസ്റ്റുകളുടെ ശക്തി നല്‍കാന്‍ കഴിയുന്നവന്‍. പല പോസ്റ്റുകളിലും നിര്‍ണ്ണായകമായ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ദേവന്റെ വിശദമായ കമന്റും പ്രതീക്ഷിച്ചിരിക്കാറുണ്ട്. കാര്യങ്ങള്‍ വിശകലനം ചെയ്യാതെ ഒരു കമന്റും ആ തലയില്‍ നിന്നും വന്നതായി ഓര്‍ക്കുന്നില്ല. ഓഫടിച്ചാല്‍ പോലും ഓണായികിടക്കുന്ന നര്‍മ്മബോധം ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ കണ്ടു. എന്റെ ഒരു പോസ്റ്റില്‍ വന്ന “കൊല്ലം സ്റ്റൈല്‍ മെഡിക്കല്‍ ഡിസ്കഷന്‍“ തന്നെ അതിനൊരു ഉദാഹരണം. ഞാനൊക്കെ ആയിരുന്നെങ്കില്‍ അതിനെ ഒരു പോസ്റ്റ് ആയി തന്നെ പബ്ലീഷ് ചെയ്തേനെ. അതാണ് ദേവനെ ദേവനാക്കുന്ന രാഗം.


അതെ, ഇതൊക്കെ തന്നെയാണ് എന്റെ മനസിലെ ദേവന്‍, വിദ്യയുടെ കെട്ടിയവന്‍, ദേവദത്തന്റെ അഛന്‍.

ഈ പ്രിയ സുഹൃത്തിന്റെ ചിത്രം മൌസിലൂടെ കോറിവരയ്ക്കാന്‍ കഴിഞ്ഞതിലും, വ്യക്തിഹത്യ എന്ന ഈ താളില്‍ ആ വ്യക്തിപ്രഭാവത്തിന്റെ കുഞ്ഞുതിരി കൊളുത്തിവയ്ക്കാന്‍ കഴിഞ്ഞതിലും ഞാന്‍ സന്തോഷിക്കുന്നു.

Monday, February 12, 2007

കൊടകരക്കാരന്‍ ഒരു വിശാലന്‍സാക്ഷിയുടെ “വരകള്‍ “എന്ന ബ്ലോഗില്‍ മുന്‍പ് ഞാന്‍ പബ്ലീഷ് ചെയ്ത പോസ്റ്റ് ആണിത്. അവിടെ നിന്നും പറിച്ചെടുക്കാതെ ഇവിടെയും അതിന്റെ ഒരു തൈ നടുന്നു. ഒരു ഡ്യൂപ്ലിക്കേറ്റ് തൈ.

വിശാല മനസ്കന്‍.
അതാണ് നാമം. കൊടകരയില്‍ വീട്, ജബല്‍ അലിയില്‍ ജോലി. ഡൈലി പോയിട്ട് വരും എന്നാണ് അവകാശവാദം (കൊടകര നര്‍മ്മത്തിന്റെ വേര് ഇവിടെ തുടങ്ങുന്നു).


പുള്ളിക്കാരനു വിശാലമായി വിളയാടാനും വിളവിറക്കാനും‍ ബ്ലോഗില്‍ മാന്യമായ ഒരു ഇടമുണ്ട്. കൊടകരപുരാണം.
അതിന്റെ അടിയില്‍ ചോന്ന ലിപിയില്‍ എഴുതിയിട്ടുണ്ട് “എടത്താടന്‍ മുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍“ ഇതിങ്ങനെ എഴുതാന്‍ വിശാലന്‍ ഒരാളെയുള്ളു. ചിരിയില്‍ തുടങ്ങി ചിരിയില്‍ നിര്‍ത്താനുള്ള വാശി. അതിനെ നമിച്ചാണ് നമ്മള്‍ വായന നിര്‍ത്തുക.
ഓരോപോസ്റ്റ് വായിച്ചുകഴിയുമ്പോഴും ഞാന്‍ താഴെ ഇതൊന്നുകൂടിവായിക്കും, എനിക്കറിയാത്ത എടത്താടന്‍ മുത്തപ്പനെ വണങ്ങും. ഞാന്‍ ഒരിക്കലും കാണാന്‍ വഴിയില്ലാതിരുന്ന, ഈ സജീവിനെ എന്റെ / ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതിന്. മലയാളം ബ്ലോഗുകളില്‍ നിലവാരം ഉള്ള ചിരിയുടെ രസം ഉരുക്കുന്നവന്റെ തറവാട്ടിന്റെ നാഥനായതിന്.


ഞാനും വിശാലനും മലയാളം ബ്ലോഗിന്റെ താളില്‍ വരുന്നത് ഒരേ സമയത്താണ് എന്നാണ് എന്റെ ഓര്‍മ്മ.
ഉളുമ്പത്തുകുന്നുകാര്‍ ചാളതോരനും ചാള ഉപ്പേരിയും ചാളഫ്രൈയും ഒക്കെ കഴിച്ച് രണ്ടുദിവസം 'വെരി ബിസി' ആയ കഥയാണ് ഞാന്‍ ആദ്യം വായിച്ച വിശാല മനസ്‌കഥ.


“മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു. രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.“

(മനസാക്ഷിക്കുത്ത് )

"കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!" (കാര്‍ത്ത്യേച്ചിയെ നമ്മള്‍ പരിചയപ്പെട്ട മലമ്പാമ്പ്) എന്നിങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്പന്നമായിരുന്നു എന്നും വിശാലന്റെ എഴുത്ത്.

"ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനേയും‍” (പാപി), കുടുംബം കലക്കിയേയും, വെളിച്ചപ്പെടലിനിടയില്‍ എല്ലാം വെളിച്ചത്തില്‍ പെട്ടുപോയ ദിവാകരേട്ടനേയും,
മനക്കുളങ്ങര-കൊടകര ബൈപാസിനു പിറകിലെ മാസ്റ്റര്‍ മൈന്റ്‌, ശ്രീ. കുഞ്ഞുവറീത്‌ ജൂനിയറിന്റെ അപ്പന്‍ ശ്രീ.കുഞ്ഞുവറീത്‌ സീനിയര്‍, കെട്ടിക്കൊണ്ടുവന്നചേടത്ത്യാരേയും, റബറ് ഷീറ്റടിക്കുന്ന മേഷീനില്‍ നിന്ന് വരുന്ന റബര്‍ ഷീറ്റുപോലെ ഗുഹയില്‍ നിന്ന് പുറത്ത്‌ കടന്ന ഷാജപ്പനേയും (പുനര്‍ജ്ജനി), വിശാലന്റെ മാസ്റ്റര്‍പീസ് കളില്‍ ഉള്ള സില്‍ക്കിനേയും, പൂടമ്മാനേയും, അശോകന്റെ വീട്ടില്‍ പോയിരുന്നു തിന്ന കോഴിമുട്ടകളേയും, ഒരിക്കലും നമുക്ക് മറക്കാനാവില്ല.


വിരസതയില്ലാതെ, അണമുറിയാതെ പറയാനുള്ള കഴിവാണ് വിശാലന്റെ ഹൈലൈറ്റ്. അതുകൊണ്ടാണ് വിശാലമനസ്കന്‍ എന്നൊരു പേരുകാണുമ്പോള്‍ മലയാളം ബ്ലോഗുവായനക്കാരില്‍ മുഖ്യപങ്കും ഏതോ ഒരു മിനിമം ഗ്യാരണ്ടിയുടെ പിന്‍ബലത്തില്‍, ആ ലിങ്കില്‍ ബലമായി ക്ലിക്കി കൊടകരയിലേക്ക് കയറുന്നത്.


പക്ഷെ ഇന്നിപ്പോള്‍ കൊടകരപുരാണം വിശാലന്റെ സ്വന്തം അല്ല. മലയാളം ബ്ലോഗുകളുടെ ആസ്തിയില്‍ പെടുന്നതാണ്. ഈ മിടുക്കനാണ് ആദ്യമായി ഒരു ബ്ലോഗ് അവാര്‍ഡ് മലയാളത്തിന്റെ പടികടത്തി കൊണ്ടുവന്നത്


ഈ ചിത്രം കൊടകരയുടെ കഥാകാരന്‍‍ വിശാലനുവേണ്ടി സ്നേഹത്തോടെ സന്തോഷത്തോടേ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് സണ്‍ഗ്ലാസ് അടക്കം സമര്‍പ്പിക്കുന്നു. (മുഖം നന്നായില്ലെങ്കില്‍ എന്നെ തെറിവിളിക്കല്ലേ വിശാലാ..)

Tuesday, January 16, 2007

കൊല ചെയ്യപ്പെടുന്ന മണ്ടത്തരങ്ങള്‍

ഇവിടെ വ്യക്തിഹത്യ തുടങ്ങുന്നത് ഈ വ്യക്തിയുടെ വാര്‍ദ്ധക്യം കാണിച്ചു മനസു തളര്‍ത്തിയിട്ടാണ്.


ഇത് എന്റെ പ്രിയപ്പെട്ട ഒരു ബ്ലോഗ്ഗര്‍ 50 വര്‍ഷത്തിനുശേഷമുള്ള കാഴ്ചയാണ്. തന്റെ വാര്‍ദ്ധക്യത്തില്‍ പോലും ആര്‍ക്കിട്ട് പണിയും എന്നതാണ് ഇദ്ദേഹം മനസില്‍ മെനയുക. (ഞാന്‍ അത്രയൊന്നും കാലം ജീവിച്ചിരിക്കാത്തതുകൊണ്ട് എന്റെ നേരേ ആയിരിക്കില്ല ആ നരകയറിയ പാര. പച്ചാളത്തിനെ പോലുള്ള കുഞ്ഞുപിള്ളാരേ.. ജാഗ്രതൈ!)


ഇനി വ്യക്തിയിലേക്ക്;

രണ്ടായിരത്തി അഞ്ചിലെ ഓഗസ്റ്റില്‍ നാട്ടുവഴി എന്ന എന്റെ പോസ്റ്റില്‍ വന്ന് “പഴയ എന്തിനേയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം. ചിത്രത്തിലെ വഴിയിലൂടെ നടക്കാന്‍ കൊതി തൊന്നുന്നു.“ എന്ന് ആദ്യ കമന്റുവയ്ക്കുമ്പോഴാണ് ഈ വ്യക്തിയെ ഞാന്‍ ആദ്യമായി ബ്ലോഗില്‍ കാണുന്നത്. അന്നു തന്നെ എനിക്കിട്ടൊരു താങ്ങും താങ്ങി. ഇതൊക്കെ ക്യാമറയുടെ കഴിവല്ലേ എന്ന അര്‍ഥത്തില്‍ “കുമാറിന്റെ ക്യാമറ ഏതാ?“. അന്നേ ഈ വ്യക്തിയെ ഞാന്‍ നോട്ടമിട്ടു.

“ഞാനും എന്റെ മണ്ടത്തരങ്ങളും. ബ്ലോഗ്ഗറിന് തല കറങ്ങുന്ന വരെ എന്നെ പറ്റി എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാന്‍ ഒരിടം.“ എന്ന് സ്വന്തം ബ്ലോഗില്‍ എഴുതിവച്ചപ്പോള്‍ ആളിനെ ഞാന്‍ അളന്നു. ഇപ്പോഴും അളന്നുകൊണ്ടിരിക്കുന്നു. നിന്നു തരാതെ അവനും നടക്കുന്നു. മണ്ടത്തരങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യമായി നെറ്റിലും നെറ്റിയിലും കൊണ്ടുനടക്കുന്നവന്‍.


ഒരു തികഞ്ഞ സംഘാടകന്‍, എനര്‍ജ്ജി സ്രോതസ് എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ വായിക്കുമ്പോള്‍ അവനു അഹങ്കാരമായിപോകും.ബ്ലോഗില്‍ ഒരു സമയം രണ്ട് അഹങ്കാരികള്‍ വേണ്ടേന്നുള്ളതുകൊണ്ട്. ഞാന്‍ അങ്ങനെ ഒന്നും പറയുന്നില്ല. മാത്രമല്ല മണ്ടനു അഹങ്കാരം വന്നാല്‍ കുതിരയ്ക്ക് കൊമ്പുകിട്ടിയ അവസ്ഥയാണ്. അങ്ങനെ അല്ലേ നിലാവത്തഴിച്ചുവിട്ട വക്കാരി?


50 വയസായ അമ്മാവന്മാരുടെ പക്വതയിലാണ് മണ്ടത്തരങ്ങള്‍ പോലും എഴുന്നള്ളിക്കുക. മീറ്റ് എവിടെ ഉണ്ടെങ്കിലും (മാംസം അല്ല) അവിടെ പറന്നെത്തും. ‘അഴിമുഖത്തു പറന്നുവീണ ഗരുഢനെപോലെ മീറ്റിലെ ഹീറോയാകും കഴുകനെ പോലെ’ എന്ന ഗാനം പിന്നണിയില്‍!.
എന്തിനധികം പറയുന്നു, യൂ യേ യീ മീറ്റിനു കേരളത്തിന്റെ പ്രതിനിധിയായി എന്നെ ഒന്നു
നോമിനേറ്റ് ചെയ്യൂ, എനിക്കൊരു വിസിറ്റ് വിസ തരപ്പെടുത്തി തരൂ എന്ന് വിലപിച്ചുനടന്നവനാണ് കഥാപാത്രം‍.
പാവമാണ്! പാരയാണ്!! (എന്നെപോലെ ചിലര്‍ക്ക്, ഇല്ലേ ദില്‍ബൂ..?)


ചാറ്റില്‍ കിടന്നു തല്ലു കൂടുമ്പോള്‍ കുനിച്ചുനിര്‍ത്തി ഇടിക്കാന്‍ തോന്നും. നേരിട്ട് സംസാരിക്കുമ്പോള്‍ ഒരു കുഞ്ഞനിയനെ പോലെയും. അങ്ങനെ തോന്നിയ നിമിഷത്തിലാണ് ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തത്. മണ്ടത്തരം പോലെ നിഷ്കളങ്കതയും ഒരു ആവരണമായി കൊണ്ടു നടക്കുന്നവന്‍.


വ്യക്തി ഹത്യ തുടങ്ങാന്‍ പോകുമ്പോള്‍ ആദ്യം ഈ മുഖം മനസില്‍ വന്നത്. അതിന്റെ ഉള്ളിലുള്ള മനസിനെ അറിയാം എന്നുള്ളതുകൊണ്ടാണ്. അതിന്റെ വികാസങ്ങള്‍ അറിയാവുന്നതുകൊണ്ടാണ്. ആ വ്യക്തിക്ക് എന്നെ അറിയാം എന്നുള്ളതുകൊണ്ടാണ്.


അദ്ദേഹത്തിന്റെ സമീപകാല ചിത്രം.


ഇനിയും ഇവിടെ ഒരുപാട് മുഖങ്ങള്‍ വരും. അല്ലെങ്കില്‍ ചിലതിലൊക്കെ തട്ടി ഈ ബ്ലോഗ് ഉടയും. അതുവരെ കൊല തുടരും.

തലക്കെട്ടില്‍ പറഞ്ഞതുപോലെ, സ്വന്തം റിസ്കില്‍ മാത്രം പ്രവേശനം.!