Tuesday, January 16, 2007

കൊല ചെയ്യപ്പെടുന്ന മണ്ടത്തരങ്ങള്‍

ഇവിടെ വ്യക്തിഹത്യ തുടങ്ങുന്നത് ഈ വ്യക്തിയുടെ വാര്‍ദ്ധക്യം കാണിച്ചു മനസു തളര്‍ത്തിയിട്ടാണ്.


ഇത് എന്റെ പ്രിയപ്പെട്ട ഒരു ബ്ലോഗ്ഗര്‍ 50 വര്‍ഷത്തിനുശേഷമുള്ള കാഴ്ചയാണ്. തന്റെ വാര്‍ദ്ധക്യത്തില്‍ പോലും ആര്‍ക്കിട്ട് പണിയും എന്നതാണ് ഇദ്ദേഹം മനസില്‍ മെനയുക. (ഞാന്‍ അത്രയൊന്നും കാലം ജീവിച്ചിരിക്കാത്തതുകൊണ്ട് എന്റെ നേരേ ആയിരിക്കില്ല ആ നരകയറിയ പാര. പച്ചാളത്തിനെ പോലുള്ള കുഞ്ഞുപിള്ളാരേ.. ജാഗ്രതൈ!)


ഇനി വ്യക്തിയിലേക്ക്;

രണ്ടായിരത്തി അഞ്ചിലെ ഓഗസ്റ്റില്‍ നാട്ടുവഴി എന്ന എന്റെ പോസ്റ്റില്‍ വന്ന് “പഴയ എന്തിനേയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം. ചിത്രത്തിലെ വഴിയിലൂടെ നടക്കാന്‍ കൊതി തൊന്നുന്നു.“ എന്ന് ആദ്യ കമന്റുവയ്ക്കുമ്പോഴാണ് ഈ വ്യക്തിയെ ഞാന്‍ ആദ്യമായി ബ്ലോഗില്‍ കാണുന്നത്. അന്നു തന്നെ എനിക്കിട്ടൊരു താങ്ങും താങ്ങി. ഇതൊക്കെ ക്യാമറയുടെ കഴിവല്ലേ എന്ന അര്‍ഥത്തില്‍ “കുമാറിന്റെ ക്യാമറ ഏതാ?“. അന്നേ ഈ വ്യക്തിയെ ഞാന്‍ നോട്ടമിട്ടു.

“ഞാനും എന്റെ മണ്ടത്തരങ്ങളും. ബ്ലോഗ്ഗറിന് തല കറങ്ങുന്ന വരെ എന്നെ പറ്റി എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാന്‍ ഒരിടം.“ എന്ന് സ്വന്തം ബ്ലോഗില്‍ എഴുതിവച്ചപ്പോള്‍ ആളിനെ ഞാന്‍ അളന്നു. ഇപ്പോഴും അളന്നുകൊണ്ടിരിക്കുന്നു. നിന്നു തരാതെ അവനും നടക്കുന്നു. മണ്ടത്തരങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യമായി നെറ്റിലും നെറ്റിയിലും കൊണ്ടുനടക്കുന്നവന്‍.


ഒരു തികഞ്ഞ സംഘാടകന്‍, എനര്‍ജ്ജി സ്രോതസ് എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ വായിക്കുമ്പോള്‍ അവനു അഹങ്കാരമായിപോകും.ബ്ലോഗില്‍ ഒരു സമയം രണ്ട് അഹങ്കാരികള്‍ വേണ്ടേന്നുള്ളതുകൊണ്ട്. ഞാന്‍ അങ്ങനെ ഒന്നും പറയുന്നില്ല. മാത്രമല്ല മണ്ടനു അഹങ്കാരം വന്നാല്‍ കുതിരയ്ക്ക് കൊമ്പുകിട്ടിയ അവസ്ഥയാണ്. അങ്ങനെ അല്ലേ നിലാവത്തഴിച്ചുവിട്ട വക്കാരി?


50 വയസായ അമ്മാവന്മാരുടെ പക്വതയിലാണ് മണ്ടത്തരങ്ങള്‍ പോലും എഴുന്നള്ളിക്കുക. മീറ്റ് എവിടെ ഉണ്ടെങ്കിലും (മാംസം അല്ല) അവിടെ പറന്നെത്തും. ‘അഴിമുഖത്തു പറന്നുവീണ ഗരുഢനെപോലെ മീറ്റിലെ ഹീറോയാകും കഴുകനെ പോലെ’ എന്ന ഗാനം പിന്നണിയില്‍!.
എന്തിനധികം പറയുന്നു, യൂ യേ യീ മീറ്റിനു കേരളത്തിന്റെ പ്രതിനിധിയായി എന്നെ ഒന്നു
നോമിനേറ്റ് ചെയ്യൂ, എനിക്കൊരു വിസിറ്റ് വിസ തരപ്പെടുത്തി തരൂ എന്ന് വിലപിച്ചുനടന്നവനാണ് കഥാപാത്രം‍.
പാവമാണ്! പാരയാണ്!! (എന്നെപോലെ ചിലര്‍ക്ക്, ഇല്ലേ ദില്‍ബൂ..?)


ചാറ്റില്‍ കിടന്നു തല്ലു കൂടുമ്പോള്‍ കുനിച്ചുനിര്‍ത്തി ഇടിക്കാന്‍ തോന്നും. നേരിട്ട് സംസാരിക്കുമ്പോള്‍ ഒരു കുഞ്ഞനിയനെ പോലെയും. അങ്ങനെ തോന്നിയ നിമിഷത്തിലാണ് ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തത്. മണ്ടത്തരം പോലെ നിഷ്കളങ്കതയും ഒരു ആവരണമായി കൊണ്ടു നടക്കുന്നവന്‍.


വ്യക്തി ഹത്യ തുടങ്ങാന്‍ പോകുമ്പോള്‍ ആദ്യം ഈ മുഖം മനസില്‍ വന്നത്. അതിന്റെ ഉള്ളിലുള്ള മനസിനെ അറിയാം എന്നുള്ളതുകൊണ്ടാണ്. അതിന്റെ വികാസങ്ങള്‍ അറിയാവുന്നതുകൊണ്ടാണ്. ആ വ്യക്തിക്ക് എന്നെ അറിയാം എന്നുള്ളതുകൊണ്ടാണ്.


അദ്ദേഹത്തിന്റെ സമീപകാല ചിത്രം.


ഇനിയും ഇവിടെ ഒരുപാട് മുഖങ്ങള്‍ വരും. അല്ലെങ്കില്‍ ചിലതിലൊക്കെ തട്ടി ഈ ബ്ലോഗ് ഉടയും. അതുവരെ കൊല തുടരും.

തലക്കെട്ടില്‍ പറഞ്ഞതുപോലെ, സ്വന്തം റിസ്കില്‍ മാത്രം പ്രവേശനം.!