Monday, February 12, 2007

കൊടകരക്കാരന്‍ ഒരു വിശാലന്‍



സാക്ഷിയുടെ “വരകള്‍ “എന്ന ബ്ലോഗില്‍ മുന്‍പ് ഞാന്‍ പബ്ലീഷ് ചെയ്ത പോസ്റ്റ് ആണിത്. അവിടെ നിന്നും പറിച്ചെടുക്കാതെ ഇവിടെയും അതിന്റെ ഒരു തൈ നടുന്നു. ഒരു ഡ്യൂപ്ലിക്കേറ്റ് തൈ.

വിശാല മനസ്കന്‍.
അതാണ് നാമം. കൊടകരയില്‍ വീട്, ജബല്‍ അലിയില്‍ ജോലി. ഡൈലി പോയിട്ട് വരും എന്നാണ് അവകാശവാദം (കൊടകര നര്‍മ്മത്തിന്റെ വേര് ഇവിടെ തുടങ്ങുന്നു).


പുള്ളിക്കാരനു വിശാലമായി വിളയാടാനും വിളവിറക്കാനും‍ ബ്ലോഗില്‍ മാന്യമായ ഒരു ഇടമുണ്ട്. കൊടകരപുരാണം.
അതിന്റെ അടിയില്‍ ചോന്ന ലിപിയില്‍ എഴുതിയിട്ടുണ്ട് “എടത്താടന്‍ മുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍“ ഇതിങ്ങനെ എഴുതാന്‍ വിശാലന്‍ ഒരാളെയുള്ളു. ചിരിയില്‍ തുടങ്ങി ചിരിയില്‍ നിര്‍ത്താനുള്ള വാശി. അതിനെ നമിച്ചാണ് നമ്മള്‍ വായന നിര്‍ത്തുക.
ഓരോപോസ്റ്റ് വായിച്ചുകഴിയുമ്പോഴും ഞാന്‍ താഴെ ഇതൊന്നുകൂടിവായിക്കും, എനിക്കറിയാത്ത എടത്താടന്‍ മുത്തപ്പനെ വണങ്ങും. ഞാന്‍ ഒരിക്കലും കാണാന്‍ വഴിയില്ലാതിരുന്ന, ഈ സജീവിനെ എന്റെ / ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതിന്. മലയാളം ബ്ലോഗുകളില്‍ നിലവാരം ഉള്ള ചിരിയുടെ രസം ഉരുക്കുന്നവന്റെ തറവാട്ടിന്റെ നാഥനായതിന്.


ഞാനും വിശാലനും മലയാളം ബ്ലോഗിന്റെ താളില്‍ വരുന്നത് ഒരേ സമയത്താണ് എന്നാണ് എന്റെ ഓര്‍മ്മ.
ഉളുമ്പത്തുകുന്നുകാര്‍ ചാളതോരനും ചാള ഉപ്പേരിയും ചാളഫ്രൈയും ഒക്കെ കഴിച്ച് രണ്ടുദിവസം 'വെരി ബിസി' ആയ കഥയാണ് ഞാന്‍ ആദ്യം വായിച്ച വിശാല മനസ്‌കഥ.


“മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു. രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.“

(മനസാക്ഷിക്കുത്ത് )

"കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!" (കാര്‍ത്ത്യേച്ചിയെ നമ്മള്‍ പരിചയപ്പെട്ട മലമ്പാമ്പ്) എന്നിങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്പന്നമായിരുന്നു എന്നും വിശാലന്റെ എഴുത്ത്.

"ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനേയും‍” (പാപി), കുടുംബം കലക്കിയേയും, വെളിച്ചപ്പെടലിനിടയില്‍ എല്ലാം വെളിച്ചത്തില്‍ പെട്ടുപോയ ദിവാകരേട്ടനേയും,
മനക്കുളങ്ങര-കൊടകര ബൈപാസിനു പിറകിലെ മാസ്റ്റര്‍ മൈന്റ്‌, ശ്രീ. കുഞ്ഞുവറീത്‌ ജൂനിയറിന്റെ അപ്പന്‍ ശ്രീ.കുഞ്ഞുവറീത്‌ സീനിയര്‍, കെട്ടിക്കൊണ്ടുവന്നചേടത്ത്യാരേയും, റബറ് ഷീറ്റടിക്കുന്ന മേഷീനില്‍ നിന്ന് വരുന്ന റബര്‍ ഷീറ്റുപോലെ ഗുഹയില്‍ നിന്ന് പുറത്ത്‌ കടന്ന ഷാജപ്പനേയും (പുനര്‍ജ്ജനി), വിശാലന്റെ മാസ്റ്റര്‍പീസ് കളില്‍ ഉള്ള സില്‍ക്കിനേയും, പൂടമ്മാനേയും, അശോകന്റെ വീട്ടില്‍ പോയിരുന്നു തിന്ന കോഴിമുട്ടകളേയും, ഒരിക്കലും നമുക്ക് മറക്കാനാവില്ല.


വിരസതയില്ലാതെ, അണമുറിയാതെ പറയാനുള്ള കഴിവാണ് വിശാലന്റെ ഹൈലൈറ്റ്. അതുകൊണ്ടാണ് വിശാലമനസ്കന്‍ എന്നൊരു പേരുകാണുമ്പോള്‍ മലയാളം ബ്ലോഗുവായനക്കാരില്‍ മുഖ്യപങ്കും ഏതോ ഒരു മിനിമം ഗ്യാരണ്ടിയുടെ പിന്‍ബലത്തില്‍, ആ ലിങ്കില്‍ ബലമായി ക്ലിക്കി കൊടകരയിലേക്ക് കയറുന്നത്.


പക്ഷെ ഇന്നിപ്പോള്‍ കൊടകരപുരാണം വിശാലന്റെ സ്വന്തം അല്ല. മലയാളം ബ്ലോഗുകളുടെ ആസ്തിയില്‍ പെടുന്നതാണ്. ഈ മിടുക്കനാണ് ആദ്യമായി ഒരു ബ്ലോഗ് അവാര്‍ഡ് മലയാളത്തിന്റെ പടികടത്തി കൊണ്ടുവന്നത്


ഈ ചിത്രം കൊടകരയുടെ കഥാകാരന്‍‍ വിശാലനുവേണ്ടി സ്നേഹത്തോടെ സന്തോഷത്തോടേ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് സണ്‍ഗ്ലാസ് അടക്കം സമര്‍പ്പിക്കുന്നു. (മുഖം നന്നായില്ലെങ്കില്‍ എന്നെ തെറിവിളിക്കല്ലേ വിശാലാ..)