Tuesday, April 17, 2007

ദേവമാകുന്ന രാഗം!


"ദേവന്‍" എന്നാണ് ഞങ്ങള്‍ ഈ ദേഹത്തെ വിളിക്കാറുള്ളത്. മറ്റുചിലര്‍ക്ക് ദേവേട്ടന്‍. ചില വേറിട്ട ബ്ലോഗുകള്‍ കൈവശം വച്ചിരിക്കുന്നയാളാണ് പ്രസ്തുത വ്യക്തി. തറവാട്ട് ബ്ലോഗിന്റെ പേര്‍ ദേവരാഗം.
വ്യക്തിഹത്യയില്‍ ഇത്തവണ തലവയ്ക്കുന്നത് ദേവന്‍ തന്നെയാകട്ടെ. ഈ വ്യക്തിയെ ഹത്യയ്ക്കു തുനിഞ്ഞാല്‍ എന്റെ കീ ബോര്‍ഡ് വിറയ്ക്കും. അത്രയ്ക്ക് പ്രിയങ്കരമാണ് ബൂലോകത്തിന് ഈ രാഗം.

എന്റെ ഓര്‍മ്മയില്‍ ദേവന്‍ എന്ന പേരിനൊപ്പം മനസിലെത്തുന്നത് ഒരു സ്ഥലപ്പേര്‍ ആണ്. കൂമന്‍പള്ളി. ആസ്വാദാനത്തിന്റെ
മര്‍മ്മം അറിയുന്ന എഴുത്തിന്റെ ദേവനെ ഞാന്‍ തിരിച്ചറിയുന്നത് കൂമന്‍ പള്ളിയിലൂടെയാണ്. അവിടെ വന്ന ചില കഥാപാത്രങ്ങളെ ഓര്‍മ്മയില്‍ തപ്പിപോയപ്പോള്‍ മനസിലെത്തുന്ന ഒരുപാട് ലിങ്കുകളില്‍ ചിലതു മാത്രം ഇവിടെ പറയാം. അതില്‍ പ്രമുഖന്‍ ആണ് ഗാന്ധി പോലീസ്. "Police Story-3 ഗാന്ധിമാര്‍ഗ്ഗം"
"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!
'അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ '


ഗാന്ധി ദേവന്റെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്.

(എനിക്ക് അന്ന് പലപ്പോഴും കൂമന്‍പള്ളിയും കൊടകരയും ഒന്നാണെന്ന് തോന്നിയിരുന്നു)

"സന്തോഷ്‌ പോളെന്നാണ്‌ എന്റെ പേര്‍. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ്‌ ഉണ്ട്‌. നിങ്ങളു വിചാരിക്കുണ്ടാവും ഞാന്‍‍ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല." ഞാന്‍‍ അന്തം വിട്ടു . അയാള്‍ തുടര്‍‍ന്നു "എനിക്ക്‌ ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട്‌ മാത്രം ഞാനിവിടെ കിടക്കുകയാണ്‌. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും" ഇത് വധകുശന്‍ എന്ന പോസ്റ്റില്‍ നിന്നാണ്. തമാശകള്‍ ഉള്ളതും അതിലൂടെ ഒരു ചിന്ത ഇറക്കി വയ്ക്കുന്നതുമായ പോസ്റ്റുകള്‍.

പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു പപ്പന്‍ മറയുമ്പോള്‍, ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാനെ (കാമ്യവരദം) ഞാന്‍ ഒരിക്കലും മറക്കില്ല. കാരണം അത് എന്റെ കണ്ണന്‍ കോവിക്കു ഡെഡിക്കേറ്റു ചെയ്ത കഥാപാത്രമാണ്.

ഹത്യയുടെ ആംഗിളില്‍ നോക്കിയാല്‍ ദേവന്‍ ഏകദേശം 4 മാസത്തോളം ഈ കൂമന്‍പള്ളി അടച്ചിട്ട തെറ്റ് കണ്ടു പിടിക്കാം. ദേവനെ കൊല്ലാം. പക്ഷെ രണ്ടു മൂന്നു ദിവസം മുന്‍പു അവിടെ കയറി ഒരു പോസ്റ്റിട്ടു ചുള്ളന്‍. (പോലീസ് സ്റ്റോറി 4 - മാതൃകം)

പക്ഷെ ആയുരാരോഗ്യം മറ്റൊരു വഴിയില്‍ വളരുകയായിരുന്നു.
ദേവന്‍ ആയുരാരോഗ്യത്തില്‍ എഴുതിയതു പലതും സാധാരണക്കാര്‍ക്ക് വായിക്കാന്‍ വൈദ്യരംഗത്തെ ഒരു റിസര്‍ച്ച് ഗ്രന്ഥം പോലെയാണ്. വായിച്ചാല്‍ പലതും തലയില്‍ കയറില്ല എങ്കിലും ഒരു ആരാധനയോടെ ഞാന്‍ അതെല്ലാം ഓഫ് ലൈന്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. പള്‍സ് പോളിയോ പദ്ധതിയുടെ ഫലത്തെ കുറിച്ചുള്ള ചിന്തമുതല്‍ ഹൃദയ ധമനികളിലെ ചോരയോട്ടത്തിന്റെ വേഗവ്യത്യാസങ്ങള്‍ വരെ. അതില്‍ കുഴഞ്ഞുമറിയുന്ന കുളസ്റ്റ്രോള്‍ എന്താണെന്നു വരെ.

ആയുരാരോഗ്യത്തിന്റെ ആദ്യ പോസ്റ്റില്‍ ദേവന്‍ എഴുതിയത് ഇങ്ങനെയാണ്, "അനാട്ടമി, ആരോഗ്യം, ജീവന്‍, മരണം എന്നിവയില്‍ തുടങ്ങുന്ന ഒരു സാധാരണ വൈദ്യശാസ്ത്ര പുസ്തകത്തില്‍ നിന്നു വത്യസ്ഥമായി ഞാന്‍ ഹൃദയത്തിലെന്റെ ഹരിശ്രീ കുറിക്കുന്നു. ലോകത്തിലെ ഏറ്റവുവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നതു തന്നെ കാരണം."

ഇപ്പോള്‍ പുതുമയുടെ ഒരു വേറിട്ട വഴി വെട്ടുകയാണ് ഇവിടെ ദേവന്‍. ദേവപഥം എന്ന പേരില്‍. ആ വഴിയില്‍ ഇതിനകം തന്നെ വിളക്കുകാലുകള്‍ ആറെണ്ണം ആയി. ബൂലോക വിചാരണവും വിശകലനവും ഒക്കെ ചേര്‍ത്ത് ആ വഴിയില്‍ ദേവന് ഒരുപാട് യാത്രചെയ്യാനുണ്ട്. ആ ചിന്തകളെ പിന്‍ പറ്റി നമുക്കും. നമുക്കൊക്കെ ഒരു ഒരു ആത്മ പരിശോധനയാണ് അതില്‍ പലതും.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പരിചയം ആയി എങ്കിലും ഈ വ്യക്തിയെ ഞാന്‍ നേരില്‍ കാണുന്നത് ഈ അടുത്ത കാലത്താണ്, കൊച്ചിയില്‍ ഞങ്ങളെ കാണാന്‍ വന്നപ്പോള്‍. അതിനു മുന്‍പേ തന്നെ ഫോട്ടോകള്‍ കണ്ടിട്ടുള്ളതു കൊണ്ട് ദേവന്‍ എന്ന ഭീകരനെ പ്രതീക്ഷിച്ചിരുന്ന എനിക്കു ബോധ ക്ഷയം ഉണ്ടായില്ല. ആ ചെറിയ തലയില്‍ ഇത്രയും അറിവുകളുടെ ഭണ്ഡാരമെവിടെ വച്ചിരിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചുപോയി.

ഇദ്ദേഹമാണ് ബൂലോക ക്ലബ്ബിന്റെ ഉപജ്ഞാതാവ്. ആ പറമ്പിന്റെ ആദ്യ ഉടമ. ആ പറമ്പില്‍ പലപ്പോഴും കരക്കാരുടെ വെട്ടും കുത്തും നടന്നപ്പോഴൊക്കെ ദേവന്‍ ശക്തമായി അക്കമിട്ട കമന്റുകളുമായി വന്നിരുന്നു.

ഇനി നമുക്ക് ദേവന്റെ കമന്റുകളെക്കുറിച്ച് അല്‍പ്പം. കമന്റുകള്‍ക്ക് പോസ്റ്റുകളുടെ ശക്തി നല്‍കാന്‍ കഴിയുന്നവന്‍. പല പോസ്റ്റുകളിലും നിര്‍ണ്ണായകമായ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ദേവന്റെ വിശദമായ കമന്റും പ്രതീക്ഷിച്ചിരിക്കാറുണ്ട്. കാര്യങ്ങള്‍ വിശകലനം ചെയ്യാതെ ഒരു കമന്റും ആ തലയില്‍ നിന്നും വന്നതായി ഓര്‍ക്കുന്നില്ല. ഓഫടിച്ചാല്‍ പോലും ഓണായികിടക്കുന്ന നര്‍മ്മബോധം ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ കണ്ടു. എന്റെ ഒരു പോസ്റ്റില്‍ വന്ന “കൊല്ലം സ്റ്റൈല്‍ മെഡിക്കല്‍ ഡിസ്കഷന്‍“ തന്നെ അതിനൊരു ഉദാഹരണം. ഞാനൊക്കെ ആയിരുന്നെങ്കില്‍ അതിനെ ഒരു പോസ്റ്റ് ആയി തന്നെ പബ്ലീഷ് ചെയ്തേനെ. അതാണ് ദേവനെ ദേവനാക്കുന്ന രാഗം.


അതെ, ഇതൊക്കെ തന്നെയാണ് എന്റെ മനസിലെ ദേവന്‍, വിദ്യയുടെ കെട്ടിയവന്‍, ദേവദത്തന്റെ അഛന്‍.

ഈ പ്രിയ സുഹൃത്തിന്റെ ചിത്രം മൌസിലൂടെ കോറിവരയ്ക്കാന്‍ കഴിഞ്ഞതിലും, വ്യക്തിഹത്യ എന്ന ഈ താളില്‍ ആ വ്യക്തിപ്രഭാവത്തിന്റെ കുഞ്ഞുതിരി കൊളുത്തിവയ്ക്കാന്‍ കഴിഞ്ഞതിലും ഞാന്‍ സന്തോഷിക്കുന്നു.

49 comments:

kumar © said...

ദേവന്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നു.!

പച്ചാളം : pachalam said...

വര സൂപ്പര്‍, ബാക്കി വായിച്ചിട്ട് പറയാം...

പൊതുവാള് said...

കുമാര്‍ ഭായീ,

നന്നായിട്ടുണ്ട് ഈ ചിത്രവും വ്യക്തിഹത്യയും.

ദേവേട്ടാ....:)

കേരളഫാർമർ/keralafarmer said...

കുമാറെ ഇതെങ്ങണെ വ്യക്തിഹത്യ ആകുന്നത്‌. ഇത്‌ വ്യക്തി മുദ്ര അല്ലെ. ദേവന്‍ ദേവനു തുല്യന്‍ തന്നെ ബൂലോഗത്തില്‍. ഞാന്‍ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ മനസില്‍ കണ്ടിരുന്ന ദേവനെയല്ല എനിജ്ജ്‌ കാണുവാന്‍ കഴിഞ്ഞത്‌. പലരെയും എനിക്കങ്ങിനെയാണ് കാണാന്‍ കഴിഞ്ഞത്‌. ഞാന്‍ ബൂലോകത്ത്‌ മാറ്റമില്ലതെ കണ്ടിട്ടുള്ള വ്യക്തി അനില്‍ ആണ്. എന്തായാലും ദേവന്റെ പടം നേരില്‍ കണ്ട ഓര്‍മ വരുത്തുന്നുണ്ട്‌.

Kalesh said...

അതിമനോഹരം കുമാര്‍ഭായ്!
ദേവേട്ടനെ പരിചയപ്പെടാനും സുഹൃത്ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളിലൊന്നായി ഞാന്‍ കരുതുന്നു.

പട്ടേരി l Patteri said...

:)ദേവേട്ടന്‍ :)എന്നാണ് ഈ വ്യക്തിയെ ഞങ്ങള്‍ വിളിക്കാറുള്ളത്.

ചിത്രം കൊള്ളാട്ടൊ (എന്നൊക്കെ പറഞ്ഞാല്‍ എന്റെ ചിത്രം കിട്ടൊന്നു നോക്കട്ടെ :)

O TO : dEvEtta ,പക്ഷെ ആയുരാരോഗ്യം മറ്റൊരു വഴിയില്‍ വളരുകയായിരുന്നു.:|

qw_er_ty

കൃഷ്‌ | krish said...

വരയും വരികളും നന്നായിട്ടുണ്ട്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വിശ്വസിക്കാന്‍ പറ്റുന്നില്ല-- മൌസു കൊണ്ട് ഇങ്ങനേ ഒക്കേ വരയ്ക്കാമോ!!!

വിശ്വസിച്ചേ പറ്റൂന്ന് തോന്നണൂ ദേവേട്ടനെ നേരിട്ടറിയില്ലെങ്കിലും....

sandoz said...

കുമറേട്ടാ....എന്നാലും ദേവേട്ടനോട്‌ ഇതു വേണ്ടായിരുന്നു.കമന്റുകളും പോസ്റ്റുകളുംകോളം തിരിച്ചു പഠിച്ച്‌.......പിന്നെ അതു പോസ്റ്റും ചെയ്യും.....അങ്ങനെ ഒരു ഉപദ്രവം മാത്രമല്ലേ പുള്ളി ചെയ്തോള്ളൂ.....പിന്നെ ആരെ കണ്ടാലും.... കുത്തിവയ്പ്പു എടുത്തിട്ടുണ്ടോ എന്നു ചോദിക്കണത്‌ ഒരു കുറ്റമാണോ കുമാറേട്ടാ........

എന്തായാലും പടം കലക്കി......മൗസില്‍ ഞെക്കി പിടിച്ചാല്‍ ഇങ്ങനേം പടം വരുവോ.......

ദേവേട്ടന്റെ കൂമന്‍പള്ളി എനിക്ക്‌ ഇഷ്ടപ്പെട്ട സംഭവങ്ങളില്‍ ഒന്നാണു.
ദേവേട്ടനു ആശംസകള്‍....കുമാര്‍ജിക്കു അഭിനന്ദനങ്ങള്‍.

അചിന്ത്യ said...

ആ താടിക്കുള്ള കൈ റ്റിപിക്കല്‍.നന്നായിണ്ട് കുമാര്‍.

ദേവ് എന്നുള്ള സംഗീതപ്രേമി, വിദ്യാപ്രേമി, മനുഷ്യപ്രേമി, സമാധാനപ്രേമി, എന്‍റെ പ്രിയസുഹൃത്ത്, പിന്നെ ഫോണീക്കൂടെ ഗൂഹടെ ഉള്ളിന്നു വരണ പോലെ പല്ലു കടിച്ചു പിടിച്ച ഒരു എന്താടോ റ്റീച്ചറേ വിളി- ഇതൊന്നും എനിക്ക് എഴുതാനോ വരയ്ക്കാനോ പറ്റിണില്ല്യല്ലോ ന്റ്റെ ഭഗോത്യേ.കുമാറിന്‍റെ പോസ്റ്റ് നീളം കൂടിയതില്‍ അത്ഭുതല്ല്യ.

ഇവര്യൊക്കെം വാക്കുകളില്‍ക്കൂടേം വരകളില്‍ക്കൂടേം വരച്ച്കാട്ടാന്‍ പറ്റണ കുമാര്‍ ഭാഗ്യവാന്‍.
സ്നേഹം സമാധാനം

അങ്കിള്‍. said...

ദേവാ... ഇതാ ഒരു ഏകലവ്യന്‍. തള്ളവിരളൊന്നും ചോദിച്ചേക്കല്ലേ. (ഒരു രസത്തിനാണേ).

തഥാഗതന്‍ said...

1999 മുതല്‍ അറിയാം എനിയ്ക്ക് ഈ ദേഹത്തെ..
കേരളാ ചാറ്റില്‍ ആദ്യം ഫാല്‍ക്കന്‍ ആയി,പിന്നീട് വറെ ഒരു പേരില്‍ ( ആ പേര് ഞാന്‍ മറന്നു)പിന്നീട് പുള്ളിയെ വിശ്വ വിഖ്യാതനാക്കിയ മീശാഹാജി ആയും പിന്നീട് മലയാള വേദി ചാറ്റിലും ഡിസ്കഷനിലും ഒക്കെ മീശാ ആയും തിളങ്ങിയ ഈ മാന്യ ദേഹത്തെ ആദ്യമായി നേരില്‍ ദര്‍ശിയ്ക്കാന്‍ പറ്റിയത് കഴിഞ്ഞ തവണ കൊച്ചിയില്‍ വെച്ചാണ്...

qw_er_ty

Sul | സുല്‍ said...

ദേവാ :)
കുമാറേ നന്നായിരിക്കുന്നു. :)

-സുല്‍

Durga said...

kollaam.:)

സ്വാര്‍ത്ഥന്‍ said...

നേരില്‍ കണ്ടിട്ടില്ല, സെമണ്ട് കേട്ടിട്ടുണ്ട്.
അചിന്ത്യാമ്മ പറഞ്ഞപോലെ പല്ലുകടിയൊന്നും കേട്ടില്ല, മൃദുവാകാനുള്ള ‘മരുന്ന് ’ അടിച്ചിരിക്കുന്ന നേരത്തായിരുന്നിരിക്കണം എന്നോട് സംസാരിച്ചത്!

കുമാര്‍ അണ്ണൈ, എന്ത് പടാ‍ണ്‌ ത്? ഐ മീന്‍, എന്ത്റ്റാ പടം!!

ittimalu said...

ഇതെങ്ങനാ "ഹത്യ" ആവുന്നെ.. ? കൊള്ളാം മാഷെ ...

ikkaas|ഇക്കാസ് said...

പോസ്റ്റ് ദേവേട്ടനെക്കുറിച്ചുള്ളതാകുമ്പൊ, എഴുതിയതു കുമാറേട്ടനാകുമ്പൊ..
കേട്ടും കണ്ടും വായിച്ചുമറിഞ്ഞ ദേവേട്ടന്‍ ഈ പോസ്റ്റിലൂടെ ചിരഞ്‌ജീവിപ്പട്ടം കൂടി എടുത്തണിയുന്നു.

nalan::നളന്‍ said...

എന്താ പറയ! കിടിലന്‍ എന്നോ?
നമോ!

മീശയെന്ന വ്യക്തിയെ ഞാന്‍ സങ്കല്പിച്ചിരുന്നതൊരു അജാനബാഹുവായിട്ടായിരുന്നു. :) സത്യത്തില്‍ എഴുത്തിനെ ആസ്പദമാക്കി സങ്കല്‍പ്പിച്ചതുകൊണ്ടായിരിക്കാം അങ്ങിനെ തോന്നിയത്. അങ്ങിനെ തന്നെയല്ലേ!

ശ്രീജിത്ത്‌ കെ said...

കലക്കന്‍ പടം. മനോഹരം. മീശയിലെ നരച്ച രോമങ്ങള്‍ മാത്രം കാണാനില്ല.

അയ്യോ! ഓടിക്കോ, എന്നെ ദേവേട്ടന്‍ തല്ലാന്‍ വരുന്നേ.

ദേവന്‍ said...

നാട്ടുകാരുടെ ഭാഗ്യം കൊണ്ട്‌ കുമാര്‍ 'ഞങ്ങളുടെ പ്രതിനിധി, ആയി ജോലി നോക്കുന്നില്ല. അല്ലെങ്കില്‍ ലാത്തിച്ചാര്‍ജ്ജ്‌ നടക്കുന്നയിടത്തു നിന്നുകൊണ്ട്‌ "പഠിപ്പു മുടക്കി സെക്രട്ടേറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരേ പോലീസ്‌ പാളയത്തു നടത്തിയ വ്യോമാക്രമണത്തില്‍ മദ്ധ്യദൂര ആണവ മിസൈല്‍ പ്രയോഗിച്ചു.." എന്നൊക്കെ ടെലിവിഷനില്‍ ഇങ്ങോരു പറയുന്നത്‌ കേട്ട്‌ ജനം ഞെട്ടിയേനേ.


ചിത്രം എത്ര നല്ലത്‌ - ടെക്സ്റ്റ്‌ ഇല്ലാതെ അതു മാത്രമായിരുന്നെങ്കില്‍ നാണിക്കാതെ അതിലൊന്നു നോക്കാമായിരുന്നു :)( പടം ഞാന്‍ പ്രൊഫൈലില്‍ ഇട്ടോട്ടേ?)

കണ്ണൂസ്‌ said...

:-) gambheer.

അഗ്രജന്‍ said...

വളരെ ശാന്തനായ, ലാളിത്യം നിറഞ്ഞ ഒരു വ്യക്തിത്വം - ഇതാണ് ദേവന്‍‍... ബാക്കി കുമാര്‍ പറഞ്ഞതെല്ലാം ദേവേട്ടന്‍റെ ‘കയ്യിലിരിപ്പുകള്‍‘ :)

കുമാര്‍ ജി... പടവും ഹത്യയും വളരെ നന്നായി :)

ഇത്തിരിവെട്ടം|Ithiri said...

കുമാര്‍ജീ നന്ദി... നല്ല ചിത്രവും നല്ല വിവരണവും. പിന്നെ അഗ്രജന്റെ കമന്ന്റ് തന്നെ ഇവിടെ കൊട്ടുന്നു.

ലളിതം... ശാന്തം.

kumar © said...

പ്രൊഫൈലില്‍ ചുമ്മാ അങ്ങു ഇടൂ ദേവാ.
അതിന്റെ ഹൈ റെസൊലൂഷന്‍ പടം മെയില്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജ്ജ ജംഗ്ഷനില്‍ ഒരു ബില്‍ ബോര്‍ഡ് വയ്ക്കാനുള്ള സൈസ് അതിനുണ്ട്.

അരവിന്ദ് :: aravind said...

തകര്‍പ്പന്‍ പടം!!!
കുമാര്‍‌ജിയെ സമ്മതിച്ചിരിക്കുന്നു!

എങ്കിലും...
ദേവ്‌ജിയുടേ കൈയ്യില്‍ ഒരു റോസാപ്പൂ കൊടുക്കാരുന്നു.
ഹിസ്റ്ററി ബുക്കിലെ നൂര്‍‌ജഹാന്റെ ചിത്രം പോലെ.....

;-)

Sul | സുല്‍ said...

നൂര്‍ജഹാനോ അക്ബറോ. തെറ്റിക്കല്ലേ തെറ്റിക്കല്ലേ

ദില്‍ബാസുരന്‍ said...

പടം കലക്കി കുമാറേട്ടാ...

ദേവേട്ടനെ പോസ്റ്റ് വായിക്കാതെയാണ് ആദ്യം കണ്ടത്. അത് കൊണ്ട് അപ്പോള്‍ ഞെട്ടിച്ചാടിയില്ല. പക്ഷെ ദേവേട്ടന്റെ പോസ്റ്റ് വായിച്ച് ഞെട്ടിയിട്ടുണ്ട്, പലവട്ടം. :-)

ദില്‍ബാസുരന്‍ said...

ഈ നൂര്‍ജഹാന്‍ ഒരു ലേഡീസായിരുന്നില്ലേ? :-)

നന്ദു said...

കുമാര് ജീ, നന്നായിരിക്കുന്നു. കീറിവരയും കീറി മുറിയും.

KM said...

പടം കലക്കി കുമാര്‍ജി.
വ്യക്തിഹത്യയെന്നല്ല വ്യക്തിവിചാരം എന്നാക്കി മാറ്റേണ്ടിവരും..
കുട്ടന്മേനൊന്‍

തമനു said...

കുമാര്‍ ഭായ് ... പടം അതി ഗംഭീരം തന്നെ ...

ദേവേട്ടനെപ്പറ്റി എഴുതിയതൊന്നും അധികമല്ല. പരിചയപ്പെടുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമായിരിക്കും ഇദ്ദേഹത്തെപറ്റി. ശരിക്കും ഒരു നല്ല ഏട്ടന്‍.. (അല്‍ ഖുസൈസില്‍ ചെല്ലുമ്പോ വിളിച്ചാല്‍ ശരവണഭവനില്‍ നിന്നും മസാല ദോശ വാങ്ങിത്തരാന്‍ പോലും മടിക്കാറില്ല ദേവേട്ടന്‍, സംശയമുള്ളവര്‍ ചെന്നിട്ട് വിളിച്ചു നോക്കൂ..)

വിശാല മനസ്കന്‍ said...

കുമാര്‍!!!

ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍. ആര്‍ഭാടം. ദേവന്റെ ആ ഒരു ചിരിയുണ്ടല്ലോ.. അത് വരെ കറക്റ്റ്.

വിവരണവും അതിഗംഭീരമായിട്ടുണ്ട്. ആശംസകള്‍.

Radheyan said...

ഗംഭീരം,വേറെന്തു പറയാന്‍.

അഗ്രജന്‍ said...

വിശാല മനസ്കന്‍ said...
കുമാര്‍!!!

ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍. ആര്‍ഭാടം. ദേവന്റെ ആ ഒരു ചിരിയുണ്ടല്ലോ.. അത് വരെ കറക്റ്റ്.

----

അവിടുന്നങ്ങട്ട് കറക്ടല്ലാന്നോ :)

ഗന്ധര്‍വ്വന്‍ said...

കുമാറിന്റെ കരവിരുതിനെക്കുറിച്ച്‌ പറയണൊ അതോ അതോ ദേവദുന്ധുഭി സാന്ദ്രലയത്തെക്കുറിച്ച്‌ പറയണൊ...
സ്തുതിപാഠകന്‍ അവസര വാദി എന്നൊക്കെ വിളീക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ നിഴല്‍ പുറകില്‍..
എല്ലാമനുഷ്യരുടേയും വിജയത്തിനു പുറകില്‍ മിനിമം ഒരു സ്ത്രീ വേഷമുണ്ടായിരിക്കും എന്ന്‌ വെറുതെ പറയുന്നതല്ലാട്ടൊ.

എംകിലും ഇതൊക്കെ അവഗ്ണിച്ചുകൊണ്ട്‌ പറയട്ടെ. മനോഹരമായിരിക്കുന്നു.

ദേവനെക്കുറിച്ചുള്ള കുറിമാനവും നന്നായിരിക്കുന്നു.
അതിന്‍പടി എന്റെ ധാരണയും അറിവും കുമാര്‍ ടി കക്ഷിയെ പറ്റി പറഞ്ഞതിനെ അക്ഷരം പ്രതി ശരിവക്കുന്നുവെന്നും മാലോകരെ തെര്യപ്പെടുത്തുന്നു.

kumar © said...

ഗന്ധര്‍വ്വന്റെ ആ തെര്യപ്പെടുത്തല്‍ എനിക്കിഷ്ടമായി.
മനോഹരം.

മുല്ലപ്പൂ || Mullappoo said...

ദേവേട്ടന്‍..

ചിരിച്ചു, ചിന്തിപ്പിച്ച് വായിക്കാന്‍ ഉതകുന്ന പോസ്റ്റുകള്‍, ദേവേട്ടന്റേത് . പേരും പോസ്റ്റുകളുംവായിച്ചു മനസ്സില്‍ വന്നരൂപം, അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു യു എ ഇ മീറ്റില്‍ ഞാന്‍ കണ്ട ഫോട്ടോ :)

കുമാറിന്റെ വരകളിലൂടെ ദേവരാഗത്തിനെ കാണുമ്പോള്‍ ആ അദ്ഭുതം ഇല്ല .
മറിച്ച് കൌതുകം, എങ്ങനെ ഇത്ര പൂര്‍ണ്ണതയോടെ വരക്കുന്നു !


താടിക്കു കൈകൊടുത്തു , ചെറുചിരിയോടെ, ചിന്തിച്ചിരിക്കുന്ന ദേവന്‍.
വരക്കുന്ന ചിത്രങ്ങള്‍ക്കു കൈ വരുന്ന ഈ ഭാവം, അതാണ് അവയെ പ്രിയപ്പെട്ടതാക്കുന്നതും.

Kiranz..!! said...

ഏട്ടന്മാര്‍ എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുള്ള ഒന്ന് രണ്ട് ഏട്ടന്മാരില്‍ ഒരുവന്‍,ഈ എലുമ്പന്‍ മനുഷ്യന്‍ എനിക്കതാണ്.ഒരു പരിചയവുമില്ല.ബൂലോഗത്തല്ലാതെ ഇങ്ങോരെ കണ്ടിട്ടുകൂടെയില്ല.അങ്ങോര്‍ എഴുതുന്ന കമന്റ്റുകള്‍, അത് മാത്രമാണ് ആകെ വായിച്ചിട്ടുള്ളതും,പലപ്പോഴും പല വിഷയങ്ങളിലും ആശയം രൂപപ്പെടുത്തിയെടുക്കാനുമൊക്കെ സഹായിക്കുന്ന സിമ്പിള്‍ ഭാഷയുടെ അപ്പന്‍..!

കുമാര്‍ജീ..ഇത്രയും പെര്‍ഫക്ഷനോടെ വരക്കാന്‍ കഴിയുന്നത് അദ്ഭുതം തന്നെ,മൌസ് പിടിച്ച് പടം വരക്കാന്‍ തുടങ്ങിയാല്‍ അയ്യപ്പ ബൈജുവായ് മാറുന്ന അനുഭവം ഉള്ളത് കൊണ്ട് പറയ്‌വാ..പ്രൊഫഷണല്‍ വര്‍ക്ക്..!

കേരളഫാർമർ/keralafarmer said...

എന്റെ കൂടെ ദേവനും ഇരുന്നുള്ള ഒരു ഫോട്ടോ എടുത്തോണ്ടു പോയിട്ട്‌ ഒരു കോപ്പി പോലും ഇതേവരെ കിട്ടിയില്ല. അയച്ചു തരുമായിരിക്കും അല്ലെ. കിട്ടിയില്ലെങ്കില്‍ കുമാര്‍ വരച്ച ദേവന്റെ പടം ഞാനങ്ങടിച്ചു മാറ്റും.

Siju | സിജു said...

ദേവഗണത്തില്‍ പെട്ട ഏട്ടന്‍

ikkaas|ഇക്കാസ് said...

ഈ പരിപാടി ഇതോടെ നിര്‍ത്തിയാ കുമാറേട്ടാ?
എന്റെയൊരു പടം വരച്ച് ഇടെന്നേ.. നാലാളറിയട്ടെ. പ്രിന്റെറ്റുത്ത് മാരേജ് ബ്യൂറോക്കാര്‍ക്കും കൊടുക്കാം :)

kumar © said...

അതു നമുക്കു നോക്കാം ഇക്കാസേ..
ഈ വ്യക്തിഹത്യയില്‍ ശ്രീജിത്തിന്റെ പടം വന്നിട്ട് അവനു പെണ്ണുകിട്ടുന്നില്ല എന്നായിരുന്നു പരാതി. എന്നിട്ട് അവനിപ്പോള്‍ അമേരിക്കയില്‍ പെണ്ണു നോക്കാന്‍ പോകുന്നു, ഈ ആഴ്ച.

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
ശ്രീജിത്തിന് ഇതിന് മുമ്പും അമേരിക്കയില്‍ പോകാന്‍ അവസരം വന്നതാണ്.അന്ന് ഇതിനെ പറ്റി മലയാളി മാനേജര്‍ സൂചിപ്പിച്ചത്രേ.
മാനേജര്‍:അമേരിക്കയില്‍ പോവുക എന്ന് പറയുമ്പോള്‍ നിനക്ക് ആദ്യം ഓര്‍മ്മ വരുന്നതെന്താണ് ശ്രീജിത്ത്?
ശ്രീജിത്ത്: എനിക്ക് കോപ്പാ അമേരിക്കയെ പറ്റി ഓര്‍മ്മവരുന്നത്..
മാനേജര്‍: ഓഹോ എന്നാല്‍ നിന്റെ കാര്യം പോക്കാ അമേരിയ്ക്കയ്ക്ക്.ഗെറ്റൌട്ട്!

പാവം ശ്രീജിത്ത് കോപ്പാ‍അമേരിക്കാ ഫുഡ്ബോള്‍ ടൂര്‍ണമെന്റിനെ പറ്റിയായിരുന്നത്രേ ഓര്‍മ്മിച്ചത്.കുറേ ഉരുളാന്‍ നോക്കിയെങ്കിലും അപ്രാവശ്യം പോക്ക് നടന്നില്ല. ഇപ്രാവശ്യം മാനേജര്‍ ക്യാബിനില്‍ വിളിപ്പിച്ച് ഉടനെ “എനിക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഓര്‍മ്മ വരുന്നു സാര്‍” എന്ന് പറഞ്ഞിട്ടാ പോക്ക് തരായത് പോലും.

kumar © said...

ദില്‍ബു ആയിരുന്നെന്നു തോന്നുന്നു, ആ മഹാനായ മാനേജര്‍!

കോപ്പാ....

കണ്ണൂസ്‌ said...

ഇതാണ്‌ ശരിക്കും വ്യക്തിഹത്യ. തന്റെ കമ്പനിയില്‍ വൈസ്‌ പ്രെസിഡന്റ്‌ ആയി ജോലി നോക്കുന്ന ജിത്തിനെ ഒരു മാനേജര്‍ ക്യാബിനിലേക്ക്‌ വിളിപ്പിച്ചെന്നോ? ദില്‍ബാ, നീ നാട്ടില്‍പ്പോയി നുണ പറയാനും പഠിച്ചോ?

അശരീരി : ഇതിനിടക്ക്‌ അമേരിക്കന്‍ യാത്രക്ക്‌ എന്തോ കാലതാമസം കണ്ടപ്പോള്‍ ജിത്തിനെ ലണ്ടനിലേക്ക്‌ അയക്കാന്‍ ആലോചിച്ചത്രേ. വര്‍ക്ക്‌ പെര്‍മിറ്റ്‌ പ്രോസസ്സ്‌ ചെയ്യാന്‍ കൊടുത്ത അന്നാണ്‌ ടോണി ബ്ലെയര്‍ രാജി വെക്കാന്‍ തീരുമാനിച്ചത്‌ എന്ന് പറയുന്നു. അത്‌ പ്രൊസസ്സ്‌ ചെയ്യാന്‍ എടുക്കുന്ന സമയം കൂടി കണക്കാക്കിയാണത്രേ പുള്ളി രാജി തിയതി ജൂണ്‍ 25-ഓ മറ്റോ ആക്കിയത്‌. പിന്നെ ഇവന്‍ അമേരിക്കക്ക്‌ തന്നെ പോകുന്നു എന്നറിഞ്ഞ്‌ ഇപ്പോള്‍ കക്ഷി ഗോര്‍ഡന്‍ ബ്രൌണിന്റെ പുറകേ നടപ്പാണ്‌, വീണ്ടും സ്ഥാനം തിരിച്ചു കിട്ടാന്‍.

തഥാഗതന്‍ said...

ബാംഗളൂര്‍ മീറ്റില്‍ കേട്ടത്

. ഒരാള്‍ : ശ്രീജിത്തെ നീ എത്ര കാലത്തേയ്ക്കാ അമേരിക്കയിലേയ്ക്ക് പോകുന്നത്?
ശ്രീജിത്ത് : ഒരു വര്‍ഷത്തേയ്ക്ക്
വേറെ ഒരാള്‍ : ഹോ ഞാന്‍ രണ്ടു വര്‍ഷം എന്നു കരുതി സമാധാനിച്ചിരിക്കുകയായിരുന്നു

മുണ്ടിടലും കിരീടം ചൂടലും കഴിഞ്ഞ തവണ ചെയ്തതു കൊണ്ട് ശ്രീജിത്തിന് എന്തെങ്കിലും ഒരു സിമ്പോളിക് ആയ ഉപഹാരം കൊടുക്കണം എന്ന് ഞങ്ങള്‍ വിചാരിച്ചു. ആദ്യത്തെ വിളി ചെന്നത് കുട്ടപ്പായിക്കാണ്. കാര്യം അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ അവന്‍ പറഞ്ഞു “തഥാഗതന്‍ മാഷെ നമുക്കവനു ഒരു കുട വാങ്ങി കൊടുക്കാം”

അതെന്തിനാടാ കുട്ടപ്പായി കുട എന്ന് ഞാന്‍
“ചുമ്മാ അവന്‍ അമേരിക്കയില്‍ ചെന്ന് അര്‍ദ്ധരാത്രി ചൂടട്ടെന്നെ”

( ഇന്ന് വൈകീട്ട് അവനെ വണ്ടി കയറ്റി വിടാന്‍ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനു മുന്‍പ് അവന്‍ ഇതു വായിക്കാന്‍ ഉള്ള ചാന്‍സ് കുറവാണ് എന്നതാണ് എന്റെ ധൈര്യം)

qw_er_ty

kaithamullu : കൈതമുള്ള് said...

കുമാര്‍,
ഇഷ്ടായി, വളരെ വളരേ...!
ദേവനെ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു!

chithrakaranചിത്രകാരന്‍ said...

കുമാര്‍,
ദേവാത്മാവ്‌ മുഴുവനായി ഒപ്പിയെടുത്തിരിക്കുന്നു.
(ചിത്രം അത്രക്ക്‌ ഇഷ്ടപ്പെട്ടതുകൊണ്ട്‌ എഴുതിയതാണ്‌. ദേവന്റെ തനതായ ആ വീക്ഷണകോണ്‍ ആര്‍ക്കും ഒപ്പിയെടുക്കാനാകാതെ ബൂലൊകത്തിന്റെ ഭാഗ്യമായി വിരാജിക്കുന്നു.)
നല്ല ചിത്രം.
കുശുംബുപറയുകയാണെങ്കില്‍... ദമയന്തിയെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്യന്തദേവന്‍ എന്ന് അസൂയക്കാര്‍ പറഞ്ഞേക്കാം !! :)

kumar © said...

testing