Friday, December 05, 2008

വ്യക്തിഹത്യ ചെയ്യപ്പെടുന്ന തുളസി


കാഴ്ചകളുടെ പുലരിയില്‍ തന്റേതായ വഴികളിലൂടെ മാത്രം ക്യാമറചേര്‍ത്തുവച്ചു നീങ്ങുന്ന തുളസി.
കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ വ്യക്തിഹത്യയില്‍ ഭൂതകാലക്കുളിരിലെ തുളസിയാണ് കൊലചെയ്യപ്പെടുന്നത്.

“ആലുവ അങ്കമാലി ചാലക്കുടി തൃശൂര്‍ കോഴിക്കോട് വഴി പോകുന്ന കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്റിന്റെ വടക്കുവശത്തായി പാര്‍ക്ക് ചെയ്യുന്നു....”
രാത്രിയിലെ തിരക്കിലും ബഹളത്തിലും മുങ്ങിക്കിടക്കുന്ന എറണാകുളം കെ എസ് ആര്‍ ടീ സി ബസ്റ്റേഷനില്‍ കനംകൂടിയ തൂണുകള്‍ക്ക് താഴെ നില്‍ക്കുന്ന ഒരു കുഞ്ഞിപ്പയ്യന്‍. തുളസി. ഞാന്‍ അന്നാണ് ആദ്യമായിട്ടാണ് തുളസിയെ കാണുന്നത്. ഞാന്‍ ഞെട്ടി ഇവനായിരുന്നോ? കുറേ ചിത്രങ്ങളുടെ മറപറ്റി മനസില്‍ നെയ്തൊരുക്കിവച്ച ചിത്രം ഇതല്ലായിരുന്നു. തിരികെ പോരാന്‍ നേരം എനിക്ക് ഷഹബാസ് അമനും ഗായത്രിയും ഒക്കെ ചേര്‍ന്നു പാടിയ ഒരു ഗസല്‍ ആല്‍ബം തുളസി തന്നു.
“ഗസല്‍ തോരുമ്പോള്‍.. വിളക്കില്‍ എണ്ണതീരുമ്പോള്‍..”

മലയാളം ബ്ലോഗിലെ ഫോട്ടോ പോസ്റ്റുകളില്‍, ഇലയില്‍ നിറഞ്ഞുകിടക്കുന്ന പച്ചയിലും തെയ്യ മുഖങ്ങളിലെ ചുവപ്പിലും ആകാശത്തിന്റെ പതിവുനീലയിലും ജനത്തിന്റെ നിറമറിയാ നിറത്തിലുമൊക്കെ ശ്രദ്ധേയമായ രീതില്‍ കാഴ്ചയുടെ കണ്ണെഴുതികാണിച്ചത് തുളസിയായിരുന്നു. ഇന്നും വ്യത്യസ്തയുടെ ചിത്രപേടത്തില്‍ മുകളിലെ നിരയില്‍ തുളസി തന്നെയാണ്. പകര്‍ത്തിയ കാഴ്ചകള്‍ക്ക് നിറങ്ങള്‍കൊണ്ട് മറ്റൊരു ചിത്രം കൂടി എഴുതാന്‍ തുളസി പലപ്പോഴും ശ്രദ്ധിച്ചിരുന്നു. അതു തന്നെയായിരുന്നു അദ്ദേഹത്തെ ശ്രദ്ധാ കേന്ദ്രം ആക്കിയതും.

ചിത്രമെടുപ്പിന്റെ സെലക്ഷനിലും തുളസി ഒരുപാടു ജാഗരൂകനായിരുന്നു. കാഴ്ചകള്‍ പതിവുകാഴ്ചപ്പാടിനും അപ്പുറമുള്ള ഫ്രെയിമുകളിട്ടാണ് നമുക്കിയാള്‍കാണിച്ചുതന്നത്. പക്ഷെ അതു പലപ്പോഴും തിരിച്ചറിയാതെ ഒഴുക്കിലേക്കൊതുങ്ങി പോവുകയും ഉണ്ടായി. ഡിഫിയില്‍ തുടങ്ങി ജാതിചിന്തയുടെ ചാളമണത്തിലും ഹേറ്റ്സ്പീച്ചുകളുടെ കറുപ്പിലും പിന്നെ അവിടെ നിന്നും അനോണികളുടെ പൂണ്ടുവിളയാട്ടത്തിലും ലക്ഷ്യം വച്ചുള്ള ആക്രമണത്തിലുമൊക്കെ എത്തി നിന്ന “ജനാധിപത്യമാണ് മറുപടി” പുതിയൊരു പോസ്റ്റില്‍ മതിലിനപ്പുറം പോകുന്ന ചെങ്കൊടിയും അതിനുമുകളിലെ നരച്ച ആകാശവും വരച്ചുകാട്ടിയപ്പോള്‍ നമ്മളവിടെ ചാരനിറം മാത്രം കണ്ടു. പിന്നെ അല്പം കൊടിയുടെ “നിറവും”. ഇതുപോലെ ഒരുപാടു ചിത്രങ്ങള്‍ ചിത്രകാരന്‍ ഉദ്ദേശിച്ച നിലയില്‍ ആസ്വാദനം നടന്നു എന്നു തോന്നുന്നില്ല. (അങ്ങനെ നടക്കണമെന്നില്ലല്ലോ!).

ഭൂതകാലത്തില്‍ നിന്ന് :
“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുബോഴാണെന്റെ സ്വർഗ്ഗം
എന്ന പ്രൊഫ. മധുസൂദനന്റെ വരികളുടെ അകമ്പടിയോടെ വന്ന ഒരു ചിത്രം, അമ്പലത്തിലെ
കാവിൽ നിന്നും പോസ്റ്റിലേക്കു പടർന്ന വള്ളിയുടെ ഫോട്ടോ. അതാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി ശ്രദ്ധിച്ച തുളസി ചിത്രം. പിന്നെ നാടന്‍ കാഴ്ചകളുടെ കുത്തിയൊഴുക്കായിരുന്നു‍, അമ്പലക്കുളത്തിന്റെ ഒരു ടോപ്പ് ആങ്കിള്‍ ഷോട്ട്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലെടുത്ത് ഫോട്ടോഷോപ്പില്‍ അല്പം കോണ്ട്രാസ്റ്റ് ഒക്കെ കൂട്ടിയ ഒരു പടം കണ്ടു. അതാണ് ഞാന്‍ ആദ്യമായി അതിശയത്തോടെ നോക്കിയ ചിത്രം. ഒരു ചെറുപ്പക്കാരന്‍ കാഴ്ചകളെ വ്യത്യസ്തമായി നോക്കാന്‍ ശ്രമിക്കുന്നത് അവിടെ കാണാന്‍ കഴിഞ്ഞു.

പച്ച. പച്ചയായിരുന്നു തുളസിയുടെ അന്നത്തെ നിറം‍. നീലേശ്വരത്തിന്റെ പച്ചമുഴുവന്‍ ബ്ലോഗിലേക്ക് പരന്നു. പോത്തുകള്‍ നീരാടുന്ന പച്ചക്കുളമായും , അമ്പലക്കുളമായും , കാവായും , കാടായും , വീടായും , തറവാടായും , വഴിയായും , പുഴയായും , പൂവായും , പായലായും ഒക്കെ ഭൂതകാലകുളിരില്‍ വിരിഞ്ഞു. കൂടാതെ ആകാശത്തില്‍ വിരിഞ്ഞ പച്ചയും, മുറ്റത്ത് വെയിലില്‍ ഇലയടയ്കൂള്ള വാഴയില വാട്ടുന്ന പച്ചയും പകര്‍ത്തിയെടുത്തു.

ഭൂതകാലക്കുളിര്‍-തുളസി-ക്യാമറ എന്ന ത്രിമൂര്‍ത്തികളെ ചേര്‍ത്തുവച്ച് കാണാവുന്ന മറ്റൊന്നുകൂടിയുണ്ട്. ചുവപ്പ്. അരദൈവങ്ങളുടെയും ഗുളികന്റേയും ഒക്കെ മുഖത്ത് പന്തത്തിന്റെ ചൂടുപടര്‍ന്ന ചുവപ്പ്. തെയ്യത്തിന്റെ ചുവപ്പ് ഭുതകാലക്കുളിരില്‍ അതിന്റെ ഭൂതകാ‍ലത്തില്‍ തന്നെ പടര്‍ന്നു തുടങ്ങിയിരുന്നു. നട്ടുച്ച ഗുളികനായും , ദൈവമായും , തെയ്യക്കാരന്‍ കക്കാട്ട് രാജന്‍ പണിക്കര്‍ കെട്ടിയ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ “പരദേവത“യായും ദൈവവേഷം കെട്ടായും ഒക്കെ ചുവപ്പ് പടര്‍ന്നു കിടന്നു.

കാഴ്ചക്കാരനൈല്‍ ഗൃഹാതുരത്വമുണര്‍ത്തി ശല്യപ്പെടുത്തുക എന്നത് തുളസിയുടെ പതിവു ഹോബിയായിരുന്നു. കണ്ടവും കവുങ്ങും , മഴയും , പിന്നെ “മണ്ണില്‍ ചവിട്ടി, പൂക്കളെ മണത്ത് , കാറ്റിലലഞ്ഞ്“ നടക്കുന്ന കാഴ്ചകളും കണ്ട് ബൂലോകത്തില്‍ തുളസിയെ അസൂയയോടെ (ഇഷ്ടത്തോടെയും) ശപിച്ചവര്‍ ചില്ലറയല്ല.

ഭൂതകാലകുളിരിന്റെ ചുവരില്‍ തുളസി ഒരുപാടു ജീവിതങ്ങള്‍ ഒട്ടിച്ചുവച്ചു. അവയൊന്നും വെറുമൊരു പോര്‍ട്രേറ്റ് ആയിരുന്നില്ല. ഓരോവ്യക്തിയുടെ ഐഡന്റിറ്റിയും വെളിവാക്കുന്ന ചിത്രങ്ങളായിരുന്നു.
അതില്‍ പ്രധാനപെട്ടതും മലയാളം ബ്ലോഗേര്‍സ് മറക്കാത്തതുമായ വ്യക്തിയാണ് ചന്തു നായര്‍.
" എന്തന്നിടോ ബേണ്ടേ എല്ലം പോവോലും......എല്ലം.. (എന്തു ചെയ്യാന്‍, എല്ലാം അവസാനിക്കാന്‍ പോകുകയാണ്‌) എന്നു പറഞ്ഞ് മുട്ടോളം വെള്ളം കയറിയ കവുങ്ങിന്‍ തോട്ടത്തിലൂടെ മടക്കി കുത്തിയ ഒറ്റമുണ്ട്‌ ഒന്നുടെ ചുരുട്ടി കയറ്റി പിടിച്ച്‌ കടവാതില്‍ ഈമ്പിയിട്ട പഴുത്തടക്ക നോക്കി നടക്കുന്ന ചന്തു നായര്‌. 2006 ജൂണില്‍ നമ്മള്‍ അതിശയത്തോടെ നോക്കി കണ്ട പാവം ചന്തുനായരുടെ ചരമവാര്‍ത്തയും തുളസിവഴി 2006 ഡിസംബറില്‍ നമ്മള്‍ അറിഞ്ഞു. അതുപോലെ തന്നെ, തന്റെ ചുളിവുകള്‍ വീണകയ്യില്‍ നരച്ചതലതാങ്ങി ഇരിക്കുന്ന മുത്തശ്ശിയുടെ “സായാഹ്നവും“, അന്നു എല്ലാവരും താല്പര്യത്തോടെ നോക്കി നിന്ന തുളസിയുടെ അനിയസംഘമായ രാജീവിന്റേയും അവിനാഷിന്റേയും ചിത്രവും, നേരേങ്ങളയുടെ പിന്നില്‍ ചിരിച്ചു നില്‍ക്കുന്ന അനിയത്തിയും , പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും (അവളുടെ ഒട്ടനവധി ചിരികളും ചിന്തകളും ഈ ബ്ലോഗിലൂടെ പുറത്തു വന്നിട്ടുണ്ട്), ഇരുട്ടില്‍ വരച്ച കലാധരന്‍ ഒക്കെ നമുക്കു സമ്മാനിച്ച ദൃശ്യാനുഭവം പുതുമയുള്ളതായിരുന്നു.

ഒരു ഫ്രെയിമിലൂടെ തന്നെ രണ്ടുകാലങ്ങളുടെ കാഴ്ചയും നമ്മള്‍ അവിടെ കണ്ടു. പച്ചയുടെ “പ്രലോഭനത്തിലും”, കുന്നിന്റെ മുകളില്‍ പറങ്കിമാവ്‌ പൂത്തുതുടങ്ങുമ്പോള്‍ മണത്തു തുടങ്ങുന്ന “വെയിലിലും.

ചുറ്റിലുമുള്ള കാഴ്ചകള്‍ പകര്‍ത്തുന്നതായിരുന്നു തുളസിയുടെ മിടുക്ക്. കയ്യറിഞ്ഞ് കാഴ്ച ഒരുക്കിയപ്പോളെ അതൊരു ‘സെറ്റിടലിന്റെ’ നിലയിലേക്ക് ഒഴുകിപോയിട്ടുണ്ട്. ഉദാഹരണങ്ങളാണ് “ദളിതവും“ , “എരിവും“. ഇതില്‍ എരിവുമാത്രമാണ് ഒരു അബ്സ്ട്രാക്റ്റിന്റെ ചായ്‌വുള്ള ഇഷ്ടം പകര്‍ന്നത്.
ഈ രണ്ടുചിത്രങ്ങളിലും ആ വ്യത്യാസം തിരിച്ചറിയാനാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എന്റെ ആരോപണം ചിത്രകാരന്‍ നിഷേധിച്ചു എങ്കിലും. ഞാന്‍ ഈ പറഞ്ഞത് ഒരു കുറവായിട്ടല്ല, എനിക്കു തോന്നിയ ഒരു തിരിച്ചറിവായിട്ടാണ്.

വര്‍ത്തമാന കാലത്തില്‍:
ബ്ലോഗിന്റെ ഡിജിറ്റല്‍ മുഖത്തുനിന്നും ഇന്ന് ഹിന്ദുവിന്റെ മെട്രോ താളിലൂടെ കൊച്ചിയുടെ പുലരിക്കാഴ്ചകളിലേക്ക് തുളസിയുടെ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. അങ്ങനെ ഒരു നിലയിലേക്കുയര്‍ത്താന്‍ ബ്ലോഗിലെ കമന്റുകളും കണക്ഷനുകളും സഹായമായി എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
പണ്ടു മുതല്‍ തന്നെ തുളസിയുടെ ഉള്ളില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് കാര്യമായിട്ടുണ്ട് എന്നതിന്റെ തെളിവാണ് വടക്കുംനാഥന്റെ മുന്നിലൂടെ നീങ്ങുന്ന “സഖാക്കളുടെ പൂരം”, ഫോര്‍ട്ട് കൊച്ചിയിലെ സ: സാന്റോ ഗോപാലന്‍മെമ്മോറിയല്‍ “വായനശാല“എന്നിവ. ആ ലിസ്റ്റില്‍ പുതിയതാണ് “അമ്മയും മക്കളും” എന്ന പോസ്റ്റിലെ അമ്മമാരുടെ ചിത്രം. മുഖത്തുവെട്ടമടിക്കാതെ എടുത്ത ആ ചിത്രം ഒരുപാടു സംസാരിക്കുന്നുണ്ട്. അതുപോലെ തന്നെ നീലച്ചുവരിലെ “ആദ്യാക്ഷരം” എന്ന പോസ്റ്റിലെ ചിത്രത്തിലും “ജനാധിപത്യമാണ് മറുപടി” എന്ന പോസ്റ്റിലെ ചിത്രത്തിലും അതിന്റെ ഓരം പറ്റി ഒരു നല്ല പ്രസ് ഫോട്ടോഗ്രാഫര്‍ നടന്നു പോകുന്ന കാഴ്ചകാണാനാകും.

അതുകൂടാതെ പുതിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപെടെണ്ടവയാണ് “പൂമോളു“ എന്ന പച്ചയും ചുവപ്പും കറുപ്പും മാത്രമുള്ള ചിത്രം, മാഷ് എന്ന പേരില്‍ വന്ന കലാധരന്റെ ചിത്രം.

തുളസി എന്ന ഫോട്ടോഗ്രാഫറുടെ വളര്‍ച്ച അദ്ദേഹത്തിന്റെ ഫ്രെയിമിങ്ങിലെ പക്വതയിലൂടെ തെളിയുന്നു. പണ്ട് തുളസി എടുത്തിട്ടുള്ള തെയ്യ ചിത്രങ്ങളില്‍ നിന്നും പുതിയ ഈ “അരദൈവങ്ങള്‍” ചിത്രത്തിനുള്ള ഫ്രെയിമിങ്ങിലെ വ്യത്യാസമാണ് അതിനു തെളിവ്.

ഫോട്ടോം പിടിക്കണ ഒരു നല്ല ‘എഞ്ചിനിന്റെ‘ കുറവ് പണ്ട് തുളസിക്ക് ഉണ്ടായിരുന്നു എന്ന് മനസിലാക്കിയത് തുളസി തന്റെ പുതിയ ഡി എസ് എല്‍ ആറില്‍ എടുത്ത ചിത്രങ്ങള്‍ കണ്ടപ്പോഴാണ്. ദൈവമേ ഇത്തരത്തില്‍ ഒന്നു നേരത്തേ അവനുണ്ടായിരുന്നു എങ്കില്‍ ഗ്രെയിന്‍സിലൂടേയും ഔട്ട്
ഓഫ് ഫോക്കസിലൂടെയും അവന്‍ കാണിച്ചുതന്ന കാഴ്ചകള്‍ക്ക് എത്രകൂടുതല്‍ മിഴിവുണ്ടായനേ എന്ന് ചിന്തിച്ചുപോയി.

തുളസി ഒരു കമ്മ്യൂണിസ്റ്റാണ്. അതു പറയാന്‍ തുളസിക്ക് തലയെടുപ്പാണ്. അതിങ്ങനെ എഴുതാന്‍ എനിക്കൊരു സന്തോഷവും. തുളസി വഴിമാറി നടക്കുന്നവനാണെന്നു ഞാന്‍ പറയില്ല, പക്ഷെ അവന്‍ തന്റെ വഴി അറിഞ്ഞു നടക്കുന്നവനാണ്. അതുകൊണ്ടുതന്നെ ബ്ലോഗിന്റെ മുഖ്യധാരയില്‍ നിന്നും മാറിയൊരു ഒഴുക്കാണ് തുളസിയുടെത്.

തുളസിയുടെ നല്ല ചിത്രങ്ങള്‍ എന്നും ഒരു കഥപറഞ്ഞിരുന്നു, ഒരു കഥയ്ക്കുള്ള കോപ്പ് അതില്‍ കൂട്ടിവച്ചിരുന്നു, ചിന്തിക്കാനുള്ള വക അതില്‍ ചിതറി കിടന്നു. തുളസിചിത്രങ്ങള്‍ എന്നും ബൂലോകത്ത് ഒരു സ്പേസ് ഉണ്ടാക്കി മാറി നിന്നു. ഇനി ഭാവികാലത്തിലും അങ്ങനെ ഒരു മാറിനില്പിനു സാക്ഷിയാകാന്‍ നമുക്കൊക്കെ കഴിയട്ടെ. തുളസിക്കും.

വധം കഴിഞ്ഞു. ഇനി എണീറ്റുകൊള്‍ക!

(പ്രത്യേക ശ്രദ്ധയ്ക്ക് : കമ്മറ്റിയാപ്പീസില്‍ കാശടച്ചാല്‍ ഇതിലുള്ള വരയുടെ വളരെ വലിയ / ഹൈ റെസൊലൂഷന്‍ ഫയല്‍ കൈമാറുന്നതാണ്)

40 comments:

Kumar Neelakandan © (Kumar NM) said...

പറയാനുള്ളതു മുഴുവന്‍ പറഞ്ഞില്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടേ!

കുറുമാന്‍ said...

മണ്ടലക്കാലമായിട്ടും ഒരു തേങ്ങ ഉടച്ചില്ല ഇതു വരെ. ഇതിലാവട്ടെ ആദ്യ തേങ്ങ.

ഠോ........

സ്വാമിയേ ശരണമയപ്പാ.....

തുളസിമണിമാലയണിഞ്ഞാണയപ്പന്മാര്‍ മലക്ക് പോകുന്നത്.

Promod P P said...

എനിക്കേറ്റവും ഇഷ്ടപ്പെട്ട,എന്നെ ദു:ഖിതനാക്കിയ ,തുളസി -ചിത്രം
http://kakkat.blogspot.com/2006/09/blog-post_21.html

chithrakaran ചിത്രകാരന്‍ said...

തുളസി... നല്ലൊരു പഠനം !!!
രണ്ടു പേര്‍ക്കും ആശംസകള്‍ :)

ഏറനാടന്‍ said...

തുളസിയെ അടുത്തറിയാന്‍ സാധിച്ചു. കുമാറിനും നന്ദി.

അഭിലാഷങ്ങള്‍ said...

നന്നായി കുമാറേട്ടാ..

തുളസിയുടെ വളരെക്കുറച്ച് പോസ്റ്റുകള്‍ മാത്രമേ ഞാന്‍ കണ്ടിട്ടൂള്ളൂ..

(എന്റെ അറിവില്‍, ഞാന്‍ തുളസിയുടെ ആകെ ഒരു പോസ്റ്റേ ഇതുവരെ കണ്ടിട്ടും അഭിപ്രായം പറഞ്ഞിട്ടുമുള്ളൂ എന്ന് പറയാനുള്ള നാ‍ണക്കേടുകൊണ്ടാ, ‘വളരെകുറച്ച്’ എന്ന വാക്കിനെ കൂട്ടുപിടിച്ചത് എന്ന സത്യം തുറന്നുപറയാന്‍ ഹെനിക്ക് മടിയില്ല!):)

ഈ പോസ്റ്റില്‍ കൊടുത്ത മുഴുവന്‍ ലിങ്കുകളിലും പോയിനോക്കി,മാത്രമല്ല ‘ഭൂതകാലക്കുളിരില്‍‘ ഞാന്‍ കാണാത്ത ഒരുപാട് മികച്ച ചിത്രങ്ങളും കാണുവാന്‍ ഈ പോസ്റ്റ് ഉപകരിച്ചു.

അല്ലേലും, കുമാറേട്ടന്‍ റിസര്‍ച്ച് ചെയ്ത് എഴുതുന്ന തരം പോസ്റ്റുകള്‍ എല്ലാം എല്ലാവരെയും പോലെ എനിക്കും പണ്ടേ ഇഷ്ടമാ. ബെസ്റ്റ് എക്സാമ്പിള്‍ ഡബ്ബാവാലകള്‍ തന്നെ.

ഇനിയും പ്രതീക്ഷിക്കുന്നു.
:)

പാഞ്ചാലി said...

ബൂലോകത്തെ ഫോടോഗ്രഫര്‍മാരില്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന തുളസിയെപ്പറ്റി എഴുതിക്കണ്ടതില്‍ വളരെ സന്തോഷം! കുമാറിന് അഭിനന്ദനങ്ങള്‍!
(പക്ഷെ ആ തലക്കെട്ട്‌ ആദ്യം സംശയമുണ്ടാക്കി!)
:)

പ്രിയ said...

:) :) തലകെട്ട് കണ്ടു ഞെട്ടി.

ഇതു നന്നായിരിക്കണു കുമാറേട്ടാ :)

un said...

കുമാര്‍ജി,
അല്പം പഴം പുരാണം. ബ്ലോഗിങ്ങിനെക്കുറിച്ച് കേട്ടുതുടങ്ങിയ നാളുകളില്‍, ഏകദേശം നാലു വര്‍ഷം മുമ്പ്, വെറുതെ നീലേശ്വരം എന്നു സെര്‍ച്ച് ചെയ്ത ഞാന്‍ എത്തിപ്പെട്ടത് ഭൂതകാലക്കുളിരിലാണ്. എന്റെ നാട്ടില്‍ നിന്നും ഇത്ര പ്രതിഭാധനനായ ഒരാളോ എന്നത്ഭുതപ്പെട്ടു. അന്നു മുതല്‍ 'മുറിവുകള്‍' വരെയുള്ള പോസ്റ്റുകള്‍ വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്.പിന്നീടൊരിക്കല്‍, നാട്ടില്‍ വെച്ച് ഒരു പെരുങ്കളിയാട്ടത്തിനിടെ പരിചയപ്പെടുകയും ചെയ്തു. ഞാന്‍ ബ്ലോഗിങിലേക്ക് വരാനും പ്രചോദനം തുളസി തന്നെ. തുളസിയുമൊത്ത് ക്യാമറയും തൂക്കി കറങ്ങി നടന്നപ്പോഴൊക്കെ അവനുമാത്രം സാധ്യമായ അവന്റെ കാഴ്ചയെക്കുറിച്ച് അത്ഭുതം തോന്നിയിട്ടുണ്ട്.

വൈകിയെങ്കിലും, തുളസിയുടെ ചിത്രങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ആസ്വാദനം വന്നു കണ്ടതില്‍ വളരെ സന്തോഷമുണ്ട്. വെള്ളെഴുത്തിന്റെ 'പൂട്ടിയിട്ട വാതിലിനുമുന്നില്‍' എന്ന ലേഖനത്തെ മറന്നുകൊണ്ടല്ല ഇതു പറയുന്നത് http://www.chintha.com/node/17579. പക്ഷേ, എന്തുകൊണ്ടോ അത് ചര്‍ച്ചചെയ്യപ്പെടാതെ പോയി. നമുക്കു പരിചയമുള്ള തുളസിയായിരുന്നില്ല ആ ചിത്രങ്ങളില്‍ എന്നത് ഒരു കാരണമായേക്കാം. ചിത്രങ്ങളില്‍ മികച്ചത് ഏതെന്ന് തിരഞ്ഞെടുക്കുക വളരെ ദുഷ്കരമാണെങ്കിലും, എന്നെ ഏറ്റവും സ്പര്‍ശിച്ച പോസ്റ്റുകള്‍, 'അച്ഛന്‍', 'ദാഹിക്കുമ്പോള്‍' ഇവ രണ്ടുമായിരുന്നു.

ബൂലോകത്തൊ, ഹിന്ദുവിന്റെ കൊച്ചി വായനക്കാരിലോ ഒതുങ്ങി നില്‍കേണ്ടതല്ല അവന്റെ പ്രതിഭ. പറ്റുമെങ്കില്‍ ബാംഗ്ലൂരില്‍ അവന്റെ ഒരു പ്രദര്‍ശനം സങ്കടിപ്പിച്ചാലോ എന്നാലോചിക്കുന്നുണ്ട്.

Unni said...

രണ്ടു പേര്‍ക്കും ആശംസകള്‍

Anonymous said...

“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുബോഴാണെന്റെ സ്വർഗ്ഗം“
എന്ന പ്രൊഫ. മധുസൂദനന്റെ വരികളുടെ അകമ്പടിയോടെ വന്ന......
പ്രൊഫ. മധുസൂദനന്റെ വരികളല്ലത്, ഓഎന്‍വി യുടേതണ്. ആലപിച്ചത് മധുസൂദനനും.

തോന്ന്യാസി said...

കുമാര്‍‌ജീ...

പോസ്റ്റ് തലക്കെട്ടിനോട് നീതി പുലര്‍ത്തുന്നില്ലല്ലോ.. :)

പോസ്റ്റ് അതിമനോഹരമായിരിയ്ക്കുന്നു.

തുളസിയ്ക്കും,കുമാര്‍‌ജിയ്ക്കും അഭിനന്ദനങ്ങള്‍.

ദസ്തക്കിര്‍, താങ്കളുടെ ആ ആലോചനയ്ക്ക് എല്ലാവിധ പിന്തുണയും നേരുന്നു. തുളസി കൂടുതല്‍ ഉയരങ്ങളിലേയ്ക്കെത്തട്ടെ........

Kumar Neelakandan © (Kumar NM) said...

പ്രിയമുള്ള അനോണീ

“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുബോഴാണെന്റെ സ്വർഗ്ഗം“

എന്ന കവിത (പാട്ട്) അനോണി പറഞ്ഞതുപോലെ ഓ എന്‍ വി അല്ല എഴുതിയത്. പ്രൊ മധുസൂദനന്‍ നായര്‍ തന്നെയാണ്.

അനോണിയായി അതു പറഞ്ഞത് അത്ര ഓ എന്‍ വി യാണോ എന്ന് നല്ല ഉറപ്പില്ലാത്തതുകൊണ്ടാണ് എന്നു ഊഹിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

ജീവനുള്ള, ശക്തമായ നിരൂപണം... അത്ഭുതമുളവാക്കിയ ഫോട്ടോഗ്രാഫറേക്കുറിച്ച്... ഒരു ഡിസൈനര്‍ക്കു കിട്ടിയാല്‍, അയാള്‍ക്ക് കട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും‍ തോന്നാത്ത ചിതങ്ങളാണധികവും. അത്രയും സര്‍ഗ്ഗാത്മകം

ആശംസകള്‍

chithrakaran ചിത്രകാരന്‍ said...

ദസ്തിക്കറേ,
തുളസി താങ്കളുടെ കൂട്ടുകാരനാകും,
പ്രത്യേക അവകാശാധികാരങ്ങളുമുണ്ടായേക്കാം.
പക്ഷേ,
അവന്റെ എന്നൊക്കെ പറയുംബോള്‍
ചിത്രകാരന് മനസ്സില്‍ മണലുകുടുങ്ങിയതുപോലെ.
നമ്മള്‍ കാണിച്ചു കൊടുക്കുന്ന ഒരു ആധിപത്യത്തിന്റെ
ഏണി നമ്മുടെ സംഭാഷണം കേള്‍ക്കുന്ന
പൊതു ജനവും ഉപയോഗിക്കും എന്നതിനാല്‍
ചിത്രകാരന് വിഷമമുണ്ടെന്ന്
സസ്നേഹം അറിയിക്കട്ടെ.
(ചിത്രകാരന് തുളസിയേയോ,
കുമാറിനേയോ വ്യക്തിപരമായി അറിയില്ല.)

Sarija NS said...

തുളസിയുടെ ചിത്രങ്ങളെ കമന്‍റുകളോടെ പിന്തുടരുമായിരുന്നു. ഒടുവില്‍ പിന്തുടരല്‍ മാത്രമായി. കാരണം വാക്കുകളെ നിശബ്ദമാക്കുന്ന ചിത്രങ്ങള്‍.

കുറുമാന്‍ said...

കുമാര്‍ ഭായ്, ഒരു സംശയം, വെറും ഒരു സംശയം മാത്രം.

തുളസിയെന്ന പ്രതിഭയുടെ വളര്‍ച്ചയില്‍ അല്പം ഒരു പങ്ക് വഹിക്കാന്‍ അചിന്ത്യാമ്മയും ഒരു കാരണമായിരുന്നിട്ടേല്ലേ എന്നൊരു സംശയം. വെറുതെ ചോദിച്ചു എന്ന് മാത്രം. തുളസിയെ നേരില്‍ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്,കൂടുതല്‍ തുളസിയെന്ന വ്യക്ക്തിയെകുറിച്ച് അറിഞ്ഞത് അചിന്ത്യാമ്മയിലൂടെയാണ്‍, ആയതിനാല്‍ മാത്രം ചോദിച്ചു.

Anonymous said...

ചിത്രകാരന്‍ പറഞ്ഞതില്‍ മറ്റൊരു പോയിന്റുണ്ട്.

ഒരാളെ കുറിച്ച് “നന്നായി“ എന്നു ബഹുമാനത്തോടെ എല്ലാവരും പറയുമ്പോള്‍ “ഹാ അവന്‍ നമ്മടെ പയ്യനാ” എന്ന നിലയില്‍ ഒരു “അവന്‍” പ്രയോഗം ഉണ്ട്.

അതിന്റെ അര്‍ത്ഥം എന്തായിട്ടു വേണമെങ്കിലും വ്യാഖ്യാനിക്കാം. അതുകൊണ്ടുതന്നെ ഏത് ആര്‍ത്ഥത്തില്‍ വേണമെങ്കിലും പറയുകയും ആവാം എന്നുള്ള ഒരു സത്യവും ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്.

Kiranz..!! said...

പെരുമ കൊണ്ട് നേർത്തു പോയ സൗഹൃദങ്ങളിൽ ഒരാൾ അതാണെനിക്ക് തുളസി ( ഹൊ ..എന്തൊരു സന്തോഷം ഒന്നു തുറന്നെഴുതിയപ്പോൾ )

സന്തോഷം കുമാറേട്ടോയ്..!

un said...

ബഹുമാനപ്പെട്ട ചിത്രകാരന്‍,
തുളസിയെ അവന്‍ എന്നു വിളിച്ചത് പ്രായം കൊണ്ട് എന്നേക്കാള്‍ ആറേഴു വയസ്സെങ്കിലും ചെറുതായതുകൊണ്ടോ, പ്രശസ്തനായതു കൊണ്ട് അവന്‍ എന്റെ ആളാണെന്ന് ആക്കി തീര്‍ക്കാനാണോ ആണ് എന്നുള്ള താങ്കളുടെയും അനോണിയുടെയും സംശയത്തിനു സ്തുതി. നല്ലതു പറഞ്ഞാല്‍ പോലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടു പിടിക്കാനുള്ള താങ്കളുടെ കൗശലം അപാരം തന്നെ. അതിനും നമോവാകം. ( വേണമെങ്കില്‍, ഒരു അവര്‍ണ്ണനെ പീഡിപ്പിച്ചു എന്നു പറഞ്ഞു കമന്റുഭരണിയില്‍ ഈ കമന്റിന്റെ ബ്ലൂപ്രിന്റ് ഉപ്പിലിട്ടു വെക്കുകയും ആവാം).

ഞാന്‍ എഴുതിയത് ഒന്നുകൂടെ ഒന്നു വായിച്ചു നോക്കൂ, ഏതെങ്കിലും തരത്തില്‍ ഒരു ആധിപത്യത്തിന്റെ ടോണ്‍ ധ്വനി അതില്‍ ഉണ്ടോ? ഇല്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. അങ്ങിനെയെങ്കില്‍ കുമാര്‍ജീ എന്നു പൊതുജനമധ്യേ വിളിച്ചത് എന്റെ അപകര്‍ഷതാ ബോധമായി എന്തു കൊണ്ട് കണ്ടില്ല? അവന്‍ എന്ന പ്രയോഗം തുളസിയെയോ പോസ്റ്റിട്ട കുമാറേട്ടനെയോ വിഷമിപ്പിക്കാത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഒരു ബൂലോകസദാചാര പോലീസിന്റെ (പണ്ട് ഹരികുമാര്‍ സംഭവത്തില്‍ താങ്കള്‍ തന്നെ കൈപ്പള്ളിയോട് പറഞ്ഞ വാക്കാണേ) വാറണ്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഓഫ്:ആ ചിത്രം നന്നായില്ലെടാ എന്ന് തുളസി പലവട്ടം എന്റെ ബ്ലോഗില്‍ കമന്റിട്ടുള്ളത് താങ്കള്‍ കണ്ടിട്ടുണ്ടാവില്ല.

ശ്രീ said...

കൂടുതലായി അടുത്തറിഞ്ഞ പോലെ.

Durga said...

well done kumar etta!:) hats off to thulasi!:)

അനിലൻ said...

കുമാര്‍ജി
നന്നായി.
എടുക്കുന്ന ചിത്രങ്ങളുടെ നിലവാരം വച്ചു നോക്കിയാല്‍ ഇവനെ ഇങ്ങനെയൊന്നും വ്യക്തിഹത്യ ചെയ്താല്‍ പോര!

ഉന്മേഷ്, ‘അവന്റെ’ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നെങ്കില്‍ ജനുവരി ആദ്യമോ ഫെബ്രുവരിയിലോ ആലോചിക്കെടാ...
നമുക്കൊന്ന് കൂടാര്‍ന്നു!

namath said...

തുളസിയെക്കുറിച്ച് ഒരു വാക്കു പറയാതെ പോകാന്‍ തോന്നുന്നില്ല. നിശബ്ദനായ ദൃക്സാക്ഷി! മികച്ച ലൈറ്റ് സെന്‍സും ഡീറ്റെയ്ല്‍സും. സംവദിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു ചിയേഴ്സ് പറയണമെന്ന് പലപ്പോഴും തോന്നിയതാണ്. അവസരം തന്നതിനു നന്ദി കുമാര്‍!

വെള്ളെഴുത്ത് said...

കുമാര്‍ജി
നന്നായി.
എടുക്കുന്ന ചിത്രങ്ങളുടെ നിലവാരം വച്ചു നോക്കിയാല്‍ ഇവനെ ഇങ്ങനെയൊന്നും വ്യക്തിഹത്യ ചെയ്താല്‍ പോര!
-anilan...ഞാനും!

കിഷോർ‍:Kishor said...

തുളസിയുടെ ചിത്രങ്ങള്‍ ആദ്യമായാണ് കാണുന്നത്..

പരിചയപ്പെടുത്തിയതിനു നന്ദി!

aneeshans said...

കുമാറേട്ടാ നല്ല പഠനം. തുളസിയെ എടാന്ന് വിളിക്കാന്‍ പറ്റൂല്ലല്ലേ ഇനി. സങ്കടണ്ടെ.

സന്തോഷ്‌ കോറോത്ത് said...

തുളസിയുടെ ചിത്രങ്ങളോളം തന്നെ എനിക്കിഷ്ടമാണ് ഓരോന്നിന്റെയും അടിക്കുറിപ്പുകള്‍ !പലപ്പോഴും എങ്ങനെ ഇത്ര മനോഹരമായിട്ട് വാക്കുകളും ചിത്രങ്ങളും ചേര്ത്തു വെക്കാന്‍ പറ്റുന്നു എന്ന് തോന്നിയിട്ടുണ്ട്..

krish | കൃഷ് said...

Thulasi is a fine photographer.
His images are excellent.

ശ്രീലാല്‍ said...

നിങ്ങളീ പറയുന്ന തുളസി എന്നെ കരയിച്ചിട്ടുണ്ട്.
തുളസിയിലെ എഴുത്തുകാരനെക്കുറിച്ച് പറയാഞ്ഞതെന്ത് ?

ഗുപ്തന്‍ said...

നന്നായി കുമാറേട്ടാ..

അവന്‍ എന്നു വിളിച്ചെങ്കിലും അവനെന്റെ സ്വന്തം ആണെന്ന് ഭാവിക്കാന്‍ പറ്റുമെങ്കില്‍ (ചിത്രങ്ങളിലൂടെ ഉള്ള പരിചയമേയുള്ളൂ) ആയിരം വെട്ടം അവനെന്ന് വിളിക്കാന്‍ ഇഷ്ടമാണവനെ.

SunilKumar Elamkulam Muthukurussi said...

കുമാർ & ഉന്മേഷ്, താങ്കളിങ്ങനെ നമ്മുടെ സാദാ പത്രമാധ്യമങ്ങളെ പോലെ ആകാതെ.
തുളസി ജീവിതം തുടങ്ങിയിട്ടെ ഉള്ളൂ. പ്രശംസകൊണ്ട് മൂടി അവനെ അവസാനിപ്പിക്കാതെ. (പകുതി തമാശയായും പകുതി സീരിയസ്സായുമാണ് ഞനിത് പറയുന്നത്. പോസിറ്റീവ് ആയി തന്നെ എടുക്കുക)ഫോട്ടോപ്രദർശനമൊക്കെ പിന്നീട് വഴിയെ പോരെ ഉന്മേഷ്? അവൻ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ, അല്ലേ?

നമ്മളറിയുന്ന തുളസി ഇതിലൊന്നും വീഴില്ലെന്നെനിക്കുറപ്പുണ്ട്, എങ്കിലും.

-സു-

Sekhar said...

Simply Beautiful. Great tribute to the Master Craftsman. Thanks a lot Kumar :)

Kumar Neelakandan © (Kumar NM) said...

-സു‍-|Sunil, പ്രശംസകൊണ്ടു മൂടുകയല്ല ഞാന്‍ ചെയ്തത്. പകരം ഇത്തരം ഒരു എടുത്തെഴുതലിലൂടെ തുളസിയുടെ ലെന്‍സിനെ കുറച്ചുകൂടി റെസ്പോണ്‍സിബിള്‍ ആക്കുക എന്നെ ലക്ഷ്യത്തില്‍ ആയിരുന്നു.

ഇംഗ്ലീഷുകാരന്‍ പറയുന്ന "a pat on the back" അത്രമാത്രമേ അതിനും അപ്പുറമായി ഞാന്‍ ഇതില്‍ ഉദ്ദേശിച്ചിട്ടുള്ളു.
എന്റെ ഈ കൊച്ചനിയനു അങ്ങനെ എങ്കിലും ഒന്നു ഞാന്‍ കൊടുത്തില്ലെങ്കില്‍ പിന്നെ എന്തു കുമാറേട്ടന്‍? :)

SunilKumar Elamkulam Muthukurussi said...

Kumar, I do share your feeling. Seeing Unmesh's comment after your post എന്നെക്കൊണ്ട് അങ്ങനെ എഴുതിച്ചതാണ്. ഉന്മേഷും അത്രയ്ക്കൊന്നും വിചാരിച്ചിട്ടില്ല എന്നറിയാം. പബ്ലിക്ക് ആയി ഇങ്ങനെ എഴുതുമ്പോളും പറയുമ്പോളും സൂക്ഷിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ. തീർച്ചയായും തുളസിയോടുള്ള സ്നേഹം കൊണ്ട് തന്നെ.
അവൻ തോന്ന്യാസം തുടരട്ടെ.
-സു-

un said...

സു‍-|Sunil,
കേരളത്തിനു പുറത്തുള്ള ഒട്ടേറെ സോ കോള്‍ഡ് ഫോട്ടോഗ്രാഫര്‍മാരുടെ ആവറേജ് പ്രദര്‍ശനം കണ്ടിട്ട് ആഹാ വാഹ്! എന്നൊക്കെ പറയുന്നത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. തുളസിയുടെ ചിത്രങ്ങളെക്കുറിച്ച് ഗൗരവമായ എത്ര ചര്‍ച്ചകള്‍ ബ്ലോഗില്‍ വന്നിട്ടുണ്ട്? (രാഷ്ട്രീയ ചര്‍ച്ചകളല്ല). അതു കൊണ്ടു തന്നെ he deserves some better exposure and some serious audience beyond Malayalam blog readers. if his work is good you should proudly say it that to him.

അനിലൻ said...

സുനില്‍,
പ്രശംസകൊണ്ട് മൂടിയാല്‍ പോകുന്നതാണോ പ്രതിഭ? കുറഞ്ഞപക്ഷം തുളസിയുടേതെങ്കിലും അതല്ലെന്ന് അവനെ അറിയാവുന്നവര്‍ക്കെല്ലാം അറിയുന്നതുമല്ലേ.

ഒരു ഫോട്ടോ പ്രദര്‍ശനം നടത്താന്‍ മാത്രമുള്ള വയസ്സൊക്കെ തുളസി അറിയിച്ചിട്ടുണ്ട് എന്ന് ചിത്രങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നുണ്ടല്ലോ.

കണ്ണൂസ്‌ said...

വെറുതേ ഒന്ന് സന്തോഷിച്ചിട്ട് പോവാന്‍ ഇതിലും പറ്റിയ പോസ്റ്റുണ്ടോ? :)

Vempally|വെമ്പള്ളി said...

കുമാറേ, തുളസിക്ക് നല്ല സന്തോഷായിട്ടുണ്ടാവും എനിക്ക് അതിലും കൂടുതല്‍!

Dhanush | ധനുഷ് said...

തികച്ചും അവസരോചിതവും ആവശ്യവുമായ ലേഖനം. തുളസിയുടെ ദി ഹിന്ദു വില്‍ വന്ന വായനശാലയിലെ വായനക്കാരുടെ(സാന്റൊ ലൈബ്രറിയുടെയല്ല) ഫോട്ടോ കുറെ കാലം എന്റെ ക്യൂബിക്കിളില്‍ ഒട്ടിച്ചു വച്ചിരുന്നു. മലയാളിയുടെ വായനാശീലം മറ്റുള്ളവരെ കാണിക്കാന്‍ :).

നന്ദി ഈ ലേഖനത്തിന്. നന്ദി തുളസിക്കും.